കൊല്ലം : ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസിന്റെ ശുചിമുറിയിൽ ഒരു പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ അംഗപരിമിതരുടെ ബോഗിയിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. 50 – 60 വയസ്സുതോന്നിക്കുന്നയാളാണു മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് യാത്രക്കാർ കണ്ടത്. ഉടൻ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കൊല്ലത്ത് എത്തിയപ്പോൾ ട്രെയിൻ അവിടെ പിടിച്ചിട്ടു. പിന്നീട് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഒന്നര മണിക്കൂറോളം കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് മലബാർ എക്സ്പ്രസ് യാത്ര തുടർന്നത്. ട്രെയിൻ കായംകുളത്തെത്തിയപ്പോൾ മരിച്ചയാൾ അംഗപരിമിതരുടെ ബോഗിയിൽ കയറുന്നതായി ഗാർഡ് കണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ ഇറക്കിവിട്ടെങ്കിലും ഇയാൾ വീണ്ടും കയറി. കൊല്ലത്തെത്തിയപ്പോൾ ശുചിമുറി തുറക്കാതിരുന്നതോടെയാണു തള്ളിത്തുറന്നത്. ഉടുത്തിരുന്ന ലുങ്കിയിലാണ് തൂങ്ങിമരിച്ചത്.