പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്മെന്റ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. ക്യാമ്പസുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തുപോയവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നിലവില്‍ ലഭ്യമായ തൊഴിലവസരങ്ങളില്‍ ജോലി ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് സംസാരിച്ചു.
തൊഴില്‍ പദ്ധതി ക്യാമ്പസുകളില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ ഡിഡബ്ല്യുഎംഎസ് (ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്മന്റ് സിസ്റ്റം) ല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ക്യാമ്പസുകളില്‍ ഒരുക്കും. ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാവുക. ഇതിന് തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടുകൊണ്ട് ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. നോളജ് മിഷന്റെ സേവനങ്ങളെ പറ്റി കൂടുതല്‍ അറിയുന്നതിനും സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ഈ ജോബ് സ്റ്റേഷനുകള്‍ സഹായിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും അവിടെ ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായോ ജോബ് സ്റ്റേഷനുകള്‍ വഴിയോ ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇപ്പോള്‍ ലഭ്യമായ എല്ലാ തൊഴിലുകളുടെയും അടിസ്ഥാനത്തിലുള്ള വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിക്കും. അതിലുടെ സ്‌കില്‍ ഗ്യാപ് കണ്ടെത്തി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി തൊഴിലിന് സജ്ജരാക്കുന്നു.