ചണ്ഡിഗഢ്: ഹരിയാനയിൽ സംഘർഷത്തിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ പള്ളിയിലെ ഇമാം വെന്തുമരിച്ചതായും റിപ്പോർട്ടുണ്ട്. ഹരിയാനയിലെ നൂഹ് ജില്ലയിൽ ജൂലൈ 31ന് ആരംഭിച്ച സംഘർഷത്തിൽ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൂഹിൽ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടയിലാണ് അക്രമസംഭവങ്ങൾക്കു തുടക്കംകുറിച്ചത്. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജീവനോടെ തീക്കൊളുത്തിക്കൊന്ന സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായ മോനു മനേസർ എന്ന മോഹിത് യാദവ് ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു.
ഇതു ചോദ്യംചെയ്ത് ഒരു സംഘം രംഗത്തെത്തിയതിനു പിന്നാലെയാണ് വ്യാപകമായ അക്രമസംഭവങ്ങൾ ആരംഭിച്ചത്. ഹരിയാനയുടെ മറ്റു ഭാഗങ്ങളിലേക്കും അക്രമം വ്യാപിക്കുകയാണ്. ഗുഡ്ഗാവിലെ സെക്ടർ 57ലുള്ള അൻജുമൻ മസ്ജിദിനുനേരെ അക്രമിസംഘം വെടിവച്ചതായി ‘സിയാസത്’ റിപ്പോർട്ട് ചെയ്തു. ശേഷം പള്ളിക്കു തീയിടുകയും ചെയ്തു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ പള്ളിയിലെ ഇമാം മൗലാനാ സഅദ് മരിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. പൊള്ളലേറ്റ ഖുർഷിദ് എന്നയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.