മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ മരങ്ങൾ കൂട്ടത്തോടെ മുറിക്കാൻ നീക്കം. രണ്ടായിരം അക്കേഷ്യ മരങ്ങളാണ് മുറിക്കുന്നത്. പൾപ്പ് നിർമാണത്തിനായാണ് മരങ്ങൾ വിൽക്കുന്നത്. കാമ്പസിന്റെ വിവിധ ഭാഗങ്ങളിലുള്ള രണ്ടായിരം മരങ്ങൾക്ക് നമ്പറിട്ട് കഴിഞ്ഞു. വനം വകുപ്പിന്റെ അനുമതി ലഭിച്ച ഉടൻ മരങ്ങൾ മുറിച്ച് തുടങ്ങും. ദേശീയപാത നിർമാണ സമയത്ത് കാലിക്കറ്റ് സർവകലാശാല കാമ്പസിലെ നിരവധി മരങ്ങൾ മുറിച്ചിരുന്നു. ഇതിന് പകരമായി മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടില്ല. വലിയതോതിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ കാമ്പസിന്റെ പച്ചപ്പ് നഷ്ടമാകും.
നിരവധി ജീവികളുടെ ആവാസ കേന്ദ്രങ്ങളും ഇല്ലാതാകും. കേരള പേപ്പർ പ്രൊഡക്റ്റ് ലിമിറ്റഡിന് കിലോക്ക് 15 പൈസ നിരക്കിലാണ് മരങ്ങൾ വിൽക്കുന്നത്. കൂട്ടത്തോടെയുള്ള മരം മുറിക്കെതിരെ സർവകലാശാല എഞ്ചിനിയറിംഗ് വിഭാഗം എഴുതിയ ഫയൽ കാണാനില്ല എന്നതും ഇടപാടിലെ ദുരൂഹത വർധിപ്പിക്കുന്നു. എന്നാൽ ഭൂമിയിലെ വെള്ളം ഊറ്റികുടിക്കുന്ന അക്കേഷ്യ മരങ്ങളാണ് മുറിക്കുന്നതെന്നും ഇത് മൂലം മറ്റ് പാരിസ്ഥിതിക പ്രശ്ങ്ങൾ ഉണ്ടാവില്ലെന്നുമാണ് സിന്റിക്കേറ്റിന്റെ വിലയിരുത്തൽ.