ഡൽഹി: പബ്‌ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാൻ നാല് കുട്ടികളുമൊത്ത് പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ ഭർത്താവ് നൽകിയ ഹർജിയിൽ കോടതി ഇടപെടൽ. സച്ചിൻ മീണയുമായുള്ള സീമയുടെ വിവാഹസാധുത ചോദ്യംചെയ്ത് ഭർത്താവ് ഗുലാം ഹൈദർ നൽകിയ ഹർജിയിൽ നോയിഡയിലെ കുടുംബ കോടതി സമൻസ് അയച്ചു. മേയ് 27ന് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സീമ ഹൈദർ ആദ്യഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത സാഹചര്യത്തിൽ സച്ചിൻ മീണയുമായുള്ള ഇന്ത്യയിലെ വിവാഹത്തിന് സാധുതയില്ലെന്നാണ് ഗുലാം ഹൈദറുടെ വാദം.
തന്റെ മക്കളുടെ മതപരിവർത്തനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.2020ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺനമ്പർ കൈമാറി വാട്സാപ്പിൽ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശക വിസയിലാണ് ഇന്ത്യയിലെത്തിയത്. മാർച്ചിൽ സീമയും സച്ചിനും നേപ്പാളിലെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടുകയും ഹോട്ടലിൽ തങ്ങുകയും ചെയ്‌തു. പിന്നീട് മേയിൽ മക്കൾക്കൊപ്പം സീമ നേപ്പാളിൽ എത്തി. തുടർന്ന് ഇന്ത്യയിലേക്ക് കടന്നു.