റാന്നി: റാന്നി ഗവ. താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. തലയില്‍ മുറിവേറ്റ് എത്തിയ രോഗിയുടെ മുറിവില്‍ കട്ടുറുമ്പിനെ വെച്ച് തുന്നലിട്ടെന്നാണ് ആരോപണം. റാന്നി ബ്ലോക്ക് പടി ചരിവുകാലായില്‍ മൂഴിക്കല്‍ സുനില്‍ എബ്രഹാമിനാണ് ദുരവസ്ഥ ഉണ്ടായത്. തുന്നലിട്ട സ്ഥലത്ത് വേദന കലശലായതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി നടത്തിയ സ്കാനിംങ് പരിശോധനയിലാണ് ഉറുമ്പിനെ കണ്ടെത്തിയത്. മണിക്കൂറുകളോളം വേദനയുമായി കഴിഞ്ഞ രോഗിയെ തുടര്‍ന്ന് മുറിവ് വൃത്തിയാക്കി വേറെ തുന്നല്‍ ഇടുകയായിരുന്നു. കൈയ്യിലെ പൊട്ടലിന്
ചികിത്സ നല്‍കാനും താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ തയ്യാറായില്ലെന്നും സുനില്‍ ആരോപണമുന്നയിക്കുന്നു. നിര്‍ബന്ധിച്ചപ്പോള്‍ അത്യാഹിത വിഭാഗത്തിലേക്ക് എഴുതി നല്‍കിയെന്നുമാണ് ആരോപണം.
ഡ്രൈവറായ സുനില്‍ കഴിഞ്ഞ ഞായറാഴ്ച വലിയകുളം പോയി മടങ്ങി വരവെ ഇട്ടിയപ്പാറ കോളേജിന് സമീപത്തുവെച്ച് അസ്വസ്ഥത ഉണ്ടായി സ്റ്റിയറിംങ്ങ് വീലില്‍ തലയിടിച്ചാണ് പരിക്ക് ഏല്‍ക്കുന്നത്. തുടര്‍ന്ന് കൂടെ ഉള്ളവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സ നല്‍കിയ അധികൃതര്‍ മുറിവിന് തുന്നലിടാന്‍ ഉപയോഗിച്ച പഞ്ഞിയോടൊപ്പം ഉറുമ്പിനേയും ഉള്ളിലാക്കി വെച്ചുകെട്ടുകയായിരുന്നു. എല്ലാവിധ സൗകര്യങ്ങളും ഉള്ള താലൂക്ക് ആശുപത്രിയില്‍ ചികിത്സ ചെയ്യാന്‍ അധികൃതര്‍ക്ക് മടിയാണെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അസുഖവുമായി എത്തുന്ന രോഗിയെ മറ്റാശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന കേന്ദ്രമായി റാന്നി താലൂക്ക് ആശുപത്രി മാറിയെന്ന ആരോപണം നേരത്തെതന്നെയുണ്ട്. ആശുപത്രിയില്‍ ചികിത്സ നല്‍കുന്നതില്‍ പല ഡോക്ടര്‍മാര്‍ക്കും താത്പര്യമില്ല. പുറത്തെ മുറികളില്‍ രോഗികളെ പരിശോധിക്കാനാണ് ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം.
മുമ്പ് ഏറ്റവും നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രികളില്‍ ഒന്നായി റാന്നി താലൂക്ക് ആശുപത്രി അറിയപ്പെട്ടിരുന്നു. അനസ്ത്യേഷ്യാ വിഭാഗത്തിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിലായ ശേഷമാണ് ഈ ആശുപത്രിക്ക് ശനിദശ തുടങ്ങിയത്. പിന്നീട് പലപ്പോഴും ഈ സര്‍ക്കാര്‍ ആശുപത്രി വിവാദങ്ങളില്‍ പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളെ സഹായിക്കാനായിട്ടാണ് ഡോക്ടര്‍മാര്‍ തുടര്‍ച്ചയായ നിരുത്തരവാദ നിലപാട് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സജി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ നേരില്‍കണ്ട് പരാതി നല്‍കി. സംഭവം അന്വേഷിക്കാമെന്ന് സൂപ്രണ്ട് ഉറപ്പു നല്‍കിയതായി സുനില്‍ പറഞ്ഞു.