റാന്നി: ബ്ലോക്ക് സി.എച്ച്.സി ആയ വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെൽത് സെന്ററിനെ തഴഞ്ഞു പുതുതായി ഏർപ്പെടുത്തുന്ന ബ്ലോക്ക് ആരോഗ്യകേന്ദ്രം പെരുനാട്ടിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെച്ചൂച്ചിറ, കൊല്ലമുള മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി.
ആശുപത്രിക്ക് ഇതുവരെ കിടത്തി ചികിത്സയോ കെട്ടിടാമോ ഇല്ലാത്തത് റാന്നിയെ 25വർഷമായി പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുടെ വെച്ചൂച്ചിറയോടുള്ള അവഗണനയാണെന്ന് ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് പണിക്കർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് റ്റി കെ സാജു, പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജെയിംസ്. ജോയ് കാനാട്ടു, നിഷ അലക്സ്, സുരേഷ് കുമാർ, രമാദേവി, പൊന്നമ്മ ചാക്കോ, രാജൻ റ്റി കെ, റെസി ജോഷി, നഹാസ്,ബേബിച്ചൻ ചൗക്കയിൽ, പ്രവീൺ രാജ് രാമൻ, ഷൈനു മലയിൽ എന്നിവർ സംസാരിച്ചു. 1956ല്‍ ഡിസ്‌പെൻസറിയായി ആരംഭിച്ച ആശുപത്രിയിൽ അന്ന് കിടത്തി ചികിത്സയും പോസ്റ്റുമോർട്ടം സൗകര്യവും ഉണ്ടായിരുന്നു. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രവുമായും 1994ല്‍ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായും 1995ൽ ബ്ലോക്ക് പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ ബ്ലോക്ക് സി.എച്ച്.സി ആയി പദവി നൽകി ഗ്രേഡ് ഉയർത്തുകയും ചെയ്തിരുന്നു. അതിനു വേണ്ട ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും സേവനവും ലഭ്യമാക്കിയിരുന്നു.
കോവിഡ് പോലുള്ള മഹാമാരികൾ തുടരെ തുടരെ ഉണ്ടായപ്പോൾ കേന്ദ്ര ഗവണ്മെന്റിന്റെ നയം വഴി തൃതല പഞ്ചായത്തുകൾക്ക് ആരോഗ്യ ഗ്രാന്റ് അനുവദിക്കുകയും രാജ്യത്തെ ബ്ലോക്ക് പഞ്ചായത്തിലെ ഒരു സി.എച്ച്.സി ബ്ലോക്ക് ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിനും അവിടെ വിപുലമായ രോഗ നിർണ്ണായത്തിനുള്ള ലാബ് സൗകര്യങ്ങളും ഡാറ്റാ ബാങ്കും അതിനുവേണ്ട ഉദ്യോഗസ്ഥരെയും നിയമിക്കുന്നതിനും തീരുമാനമെടുത്തു. പ്രത്യേക ഗ്രന്റും അനുവദിക്കുകയുമുണ്ടായി.
ബ്ലോക്ക് മെഡിക്കൽ ഓഫിസർ, ഹെൽത് സൂപ്പർ വൈസർ, ലേഡി ഹെൽത് സൂപ്പർ വൈസർ എന്നിവർ സേവനം ചെയ്യുന്നതും സംസ്ഥാന സർക്കാർ ബ്ലോക്ക് സി.എച്ച്.സി പദവി നൽകിയ ആശുപത്രികളാണ് കേരളത്തിലുടനീളം ബ്ലോക്ക് ആരോഗ്യകേന്ദ്രമാക്കി മാറ്റുന്നത്. എന്നാൽ റാന്നി ബ്ലോക്കിൽ മാത്രം ബ്ലോക്ക് സി.എച്ച്.സിയായി പ്രവർത്തിക്കുന്ന വെച്ചൂച്ചിറ തഴഞ്ഞു പെരുനാട് ആണ് ഇതിനായി തിരഞ്ഞെടുത്തത്. ഈ ഉത്തരവിൽ തന്നെ ബ്ലോക്ക് സി.എച്ച്.സിയായി ഉയർത്തുന്ന ആശുപത്രിയിലേക്ക് മേൽപ്പടി ഉദ്യോഗസ്ഥറുടെ സേവനങ്ങൾ വിട്ടു നൽകണം എന്ന് പറഞ്ഞിട്ടുണ്ട്.
ബ്ലോക്ക് സി.എച്ച്.സി യായി പ്രവർത്തിക്കുന്നത് കൊണ്ട് ഡെന്റൽ ക്ലിനിക് മാനസിക ആരോഗ്യ,നേത്ര ചികിത്സ ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ഈ പദവി നഷ്ടപെടുന്നകൂടെ പെരുനാട്ടിലേക്ക് മാറും എന്നും ജനങ്ങൾ ആശങ്കപെടുന്നു. 2020മാർച്ച് മാസമാണ് ഈ ഉത്തരവുകൾ ഇറങ്ങിയത് ഈ ഉത്തരവുകൾ പുനപരിശോധിച്ച് വെച്ചൂച്ചിറയെ ബ്ലോക്ക് ആരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.