ഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങി യുഎൻ സമാധാനസേനയുടെ ഭാഗമായ ഇന്ത്യൻ വനിതാ അംഗം മേജർ രാധിക സെൻ. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി പ്രവർത്തക്കുകയും അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് രാധിക സെൻ അവാർഡിന് അർഹയായത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, ശിശു സംരക്ഷണം, ലിംഗസമത്വം, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രാധിക സെൻ പ്രയത്നിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ കമ്യൂണിറ്റികൾക്ക് രൂപം നൽകിയ രാധിക, പ്രാദേശിക സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയതായി യുഎൻ വിലയിരുത്തി.
ഐക്യരാഷ്‌ട്ര സഭയുടെ സമാധാനസേനയുടെ ഭാഗമാണ് രാധിക സെൻ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷനിൽ ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്‌മെന്റ് ബറ്റാലിയന്റെ കമാൻഡറായാണ് രാധിക സെൻ ചുമതലയേറ്റത്. തുടർന്ന് രാധികയുടെ പ്രചോദനപരമായ പ്രവർത്തനങ്ങൾ യുഎൻ നിരീക്ഷിച്ചു.