തൃശ്ശൂർ : ഗുണ്ടാനേതാവുമൊത്ത് ധനകാര്യസ്ഥാപനം നടത്തിയ കേസിൽ മറ്റൊരു ഗുണ്ടാനേതാവ് അറസ്റ്റിൽ. കൊലപാതകം ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയായ ഒല്ലൂർ കമ്പനിപ്പടി ഗോഡ് ലൈനില്‍ കുരിയക്കോടൻ വീട്ടിൽ ജിത്തു മോൻ (ജിജിത്ത്-38) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ധനകാര്യസ്ഥാപനത്തിൻറെ പ്രധാന പണസ്രോതസ്സായിരുന്നു ജിത്തുമോൻ എന്ന് പോലീസ് പറയുന്നു. എ.ആർ.മേ നോൻ റോഡിൽ പ്രവർത്തിച്ചിരുന്ന എസ്.ആർ. ഫിനാൻസ് എന്ന സ്ഥാപനമാണ് ഗുണ്ടകൾ ചേർന്ന് നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കടവി രഞ്ജിത്തിനു പുറമേ കണിമംഗലം വർക്കേഴ്സ് നഗർ തോലത്ത് വീട്ടിൽ സജീന്ദ്രൻ (41), കൂർക്കഞ്ചേരി കണ്ണംകുളങ്ങര പട്ടാട്ടിൽ വീട്ടിൽ വിവേക് (28), മാറ്റാംപുറം കറുപ്പം വീട്ടിൽ അർഷാദ് (20) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
അറസ്റ്റിലായവരിൽ സജീന്ദ്രൻ, രഞ്ജിത്ത് എന്നിവർ പാട്‌ണർമാരായിരുന്നു. വിവേക്, അർഷാദ് എന്നിവർ ജീവനക്കാരായാണ് പ്രവർത്തിച്ചിരുന്നത്. കോർപറേഷൻ ലൈസൻസോ മണിലെൻഡിങ് ലൈസൻസോ ഇല്ലാ തെയാണ് സ്ഥാപനം പ്രവർത്തിച്ചത്. ഇപ്പോൾ അറസ്റ്റിലായ ജിത്തുമോൻ സ്ഥാപനത്തിൽ നിന്ന് പലർക്കും പണം നൽകിയതിന്റെയും പലരിൽനിന്നും പണം വാങ്ങിയതിന്റെയും രേഖകൾ കണ്ടെത്തിയിരുന്നു. ഇത്തരം ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം ഇത്തരം സമൂഹവിരുദ്ധപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. എ.സി.പി. സലീഷ് ശങ്കരന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ ഈസ്റ്റ് എസ്.എച്ച്.ഒ.എം.ജെ.ജിജോ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദുർഗ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, സ്റ്റൈനി എന്നിവരും ഉണ്ടായിരുന്നു.