തിരുവവന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. എന്നാൽ വേനൽ മഴയെത്തുമെങ്കിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിൽ ശനിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.