എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് അവലോകന യോഗം നടന്നു. തിരുവല്ല സബ് കളക്ടർ സഫ്ന നസ്റുദീൻ ഐ.എ എസ്സിന്റെ നേത്യത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്ദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്രമസമാധാന പാലനത്തിയി വനിത പോലീസ് ഉൾപ്പെടെ 750 ഓളം പോലീസുകാരുടെ സേവനം പൊങ്കാല വീഥിയിൽ സജ്ജമാക്കുമെന്ന് നീയമ പാലകരും, ആംബുലൻസിന്റെ സേവനം ലഭ്യമാക്കുമെന്നും കൊതുക് നശീകരണവും ക്ലോറിനേഷനും നടത്തുമെന്നും ക്ഷേത്ര അങ്കണത്തിൽ താല്കാലിക ക്ലിനിക്ക് പ്രവർത്തിപ്പിക്കുമെന്നും ആരോഗ്യ വകുപ്പും, എടത്വാ, തിരുവല്ല ഡിപ്പോയ്ക്ക് പുറമേ ചക്കുളത്തിന് സമീപം പൊങ്കാല ദിനത്തിൽ താല്കാലിക ഡിപ്പോയുടെ പ്രവർത്തനം സജ്ജമാക്കുമെന്ന് കെ.എസ്.ആർ.ടി.സിയും അറിയിച്ചു.
പൊങ്കാല കലങ്ങൾ നിരക്കുന്ന റോഡുകൾ വൃത്തിയാക്കാനും, വഴി വിളക്കുകൾ സ്ഥാപിക്കാനും വേണ്ട നിർദേശം സബ് കളക്ടർ ജനപ്രതിനിധികൾക്ക് നൽകി. 26, 27 തീയതികളിൽ പൊങ്കാല വീഥികളിലെ മത്സ്യ-മാംസ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവെയ്ക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. പൊങ്കാല ദിനത്തിൽ നിർദ്ദിഷ്ട സ്ഥലങ്ങളിലെ മദ്യഷാപ്പുകളും ബ്യൂവറേജസ് ഔട്ട്ലെറ്റും അടച്ചിടുന്നതിന് പിന്നാലെ അനധികൃത മദ്യവിൽപ്പനക്കെതിരെ സമഗ്ര അന്വഷണം നടത്തണമെന്ന് സബ് കളക്ടർ പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.
അവലോകന യോഗം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. കുട്ടനാട്, തിരുവല്ല തഹസിൽദർമാരായ എസ്. അൻവർ, സുനിൽ, കുട്ടനാട് ഡെപ്യൂട്ടി തഹസിൽദാർ സൂരജ് വി.എസ്., തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം, തലവടി, നെടുമ്പ്രം, നിരണം പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായർ, റ്റി. പ്രസന്നകുമാരി, എം.ജി രവി, എടത്വാ, പുളിക്കീഴ് സബ് ഇൻസ്പക്ടർമാരായ കെ.ബി. ആനന്ദ ബാബു, സതീഷ് കുമാർ, തലവടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ. വൈലപ്പിള്ളി, സുജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽസി പ്രകാശ്, കലാ മധു, തലവടി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കെ.എം., ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി പി.കെ സ്വാമിനാഥൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, സാമുദായിക- സാമൂഹിക സംഘടന പ്രതിനിധികൾ, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 6.30 ന് ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയരും. ദേവിക്ക് ഒരു വർഷം ലഭിച്ച ഉടയാടയും വാഴക്കച്ചിയും തണുങ്ങും കോർത്തിണക്കിയാണ് സ്തംഭം ഒരുക്കുന്നത്. നാട്ടിലെ സകല പാപദേഷങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് അഗ്നിക്ക് ഇരയാക്കുന്നത്. സ്തംഭം ഒരുക്കുന്നതിനു വേണ്ടിയുളള കവുങ്ങിൻ തടി നെടുമ്പ്രം സ്വദേശി വഴിപാടായാണ് നൽകിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭൂമിയിൽ സ്പർശിക്കാതെ തടി ക്ഷേത്രത്തിൽ ഇന്ന് എത്തിക്കും. പൊങ്കാല ദിവസമായ 27 ന് വൈകിട്ട് 6.30 ന് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദബോസ് ഐ.എ.എസ് സ്തംഭത്തിൽ അഗ്നിപകരും.