പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ജൂലൈ ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർഥമുള്ള സമര പ്രചാരണ ജാഥയ്‌ക്ക് ജില്ലയിൽ ഉജ്വല വരവേൽപ്പ്. സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ ക്യാപ്റ്റനായുള്ള തെക്കൻ മേഖല ജാഥയെ ശനിയാഴ്‌ച രാവിലെ 10ന് തിരുവല്ലയിൽ സ്വീകരിച്ചു. തുടർന്ന് റാന്നി, പത്തനംതിട്ട, കോന്നി എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അടൂരിൽ സമാപിച്ചു. എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു വൈസ് ക്യാപ്റ്റനും എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. ജി ലാലു ജാഥ മാനേജരുമാണ്. എസ് ഹരിലാൽ, സോളമൻ വെട്ടുകാട്, കെ വി ഉദയഭാനു, സീറ്റാദാസൻ, എസ് രവീന്ദ്രൻ പിള്ള, കവടിയാർ ധർമ്മൻ, എസ് സുനിൽഖാൻ, പത്മ ഗിരീഷ്, എം ജീവകുമാർ, അഡ്വ. ഗോപി കൊച്ചുരാമൻ, കെ സത്യനാരായണൻ, അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ എന്നിവർ ജാഥാംഗങ്ങളാണ്.
പത്തനംതിട്ടയിൽ ജാഥയ്‌ക്ക് വൻ വരവേൽപ്പ് നൽകി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽനിന്ന് ജാഥ ക്യാപ്‌റ്റനെ സ്വീകരിച്ചാനയിച്ചു. ഹെഡ് പോസ്‌റ്റ് ഓഫീസ് പടിയ്‌ക്കൽ നടത്തിയ യോഗത്തിൽ എഐടിയുസി ജില്ലാ ട്രഷറർ ബെൻസി തോമസ് അധ്യക്ഷത വഹിച്ചു. സി ഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. ട്രേഡ് യൂണിയൻ നേതാക്കളായ പി ബി ഹർഷകുമാർ, എസ് ഹരിദാസ്, ആനീസ് സ്വീറ്റി, അഡ്വ. മാത്തൂർ സുരേഷ്, സാബു കണ്ണങ്കര, കെ ഐ ജോസഫ്, കെ സി രാജഗോപാലൻ, എം വി സഞ്‌ജു, ശ്യാമ ശിവൻ എന്നിവർ പങ്കെടുത്തു.