തിരുവനന്തപുരം: മുന്‍ എം.പി എ സമ്പത്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനാകും സമ്പത്തിനെ സി പി എം നിയോഗിക്കുക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്‍ ഡി എഫില്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണിത്. എന്നാല്‍ ഇത്തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിക്കില്ലെന്നും സീറ്റ് സി പി എം ഏറ്റെടുക്കണമെന്നുമാണ് പാര്‍ട്ടിക്കകത്തെ ആവശ്യം.
2006ല്‍ വി സുരേന്ദ്രന്‍ പിളള ഇവിടെ നിന്ന് വിജയിച്ച് അച്ചുതാനന്ദന്‍ മന്ത്രിസഭയുടെ അവസാന കാലയളവില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്നു. 2011ല്‍ സുരേന്ദ്രന്‍ പിളളയെ തോല്‍പ്പിച്ച് വി എസ് ശിവകുമാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാവുകയും ചെയ്‌തു. 2016 എത്തിയതോടെ സുരേന്ദ്രന്‍ പിളളയ്‌ക്ക് എല്‍ ഡി എഫ് സീറ്റ് നിഷേധിച്ചു. മാണി കോണ്‍ഗ്രസ് പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപവത്‌ക്കരിച്ച് മുന്നണിയിലേക്ക് വന്ന ആന്റണി രാജുവിന് സീറ്റ് നല്‍കി. ഇതോടെ സുരേന്ദ്രന്‍ പിളള സോഷ്യലിസ്‌റ്റ് ജനതാ ഡെമോക്രാറ്റിക്ക് വഴി യു ഡി എഫിലേക്ക് ചേക്കേറുകയും നേമത്ത് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്‌തു. ആന്റണി രാജുവിനെ തോല്‍പ്പിച്ച ശിവകുമാര്‍ മണ്ഡലത്തില്‍ രണ്ടാമതും വിജയിക്കുകയായിരുന്നു.
ശിവകുമാറിനെതിരെ മണ്ഡലത്തിലുളള നെഗറ്റീവ് ഇമേജ് തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് സി പി എം വിലയിരുത്തല്‍. അത് പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കണമെന്നും സി പി എം നേതാക്കള്‍ വാദിക്കുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സമ്പത്ത് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായി ഡല്‍ഹിയില്‍ സമ്പത്തിനെ നിയോഗിച്ചിരുന്നു. ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ നിയമനമായിരുന്നു ഇത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വി കെ പ്രശാന്തിനും വി കെ മധുവിനും ഒപ്പം സമ്പത്തിന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാനം നറുക്ക് വീണത് പ്രശാന്തിനായിരുന്നു.
അതേസമയം താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെപ്പറ്റി യാതൊരു അറിവുമില്ലെന്ന് സമ്പത്ത് പ്രതികരിച്ചു. മുന്നണിയ്‌ക്കകത്ത് സീറ്റ് വിഭജനം നടന്നശേഷം മാത്രമേ സി പി എം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയുളളൂ. അപ്പോള്‍ മാത്രമേ കൃത്യമായ ചിത്രം ലഭിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു.
സമ്പത്തിനൊപ്പം മുന്‍ എം പിമാരായ പി കെ ബിജുവും എം ബി രാജേഷും ഈ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവുമെന്നാണ് സൂചന. കോങ്ങാടോ തരൂരോ പി കെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി കെ ബിജുവിന് അവിടേയും സാദ്ധ്യതയുണ്ട്. സി പി എം ശക്തികേന്ദ്രമായ ആലത്തൂരില്‍ നിന്നും രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പൈട്ട പി കെ ബിജു ഇത്തവണ രമ്യാ ഹരിദാസിനോട് പരാജയപ്പെടുകയായിരുന്നു.
എം ബി രാജേഷ് ഇത്തവണ മലമ്പുഴയില്‍ നിന്നോ തൃത്താലയില്‍ നിന്നോ മത്സരിച്ചേക്കും. 2009ലും 2014ലും പാലക്കാട് നിന്നും വിജയിച്ച എം ബി രാജേഷ് 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വി.കെ ശ്രീകണ്‌ഠനോട് പരാജയപ്പെടുകയായിരുന്നു.