ഡൽഹി: സൗത്ത് ഡൽഹിയിൽ ഓട്ടോറിക്ഷയാത്രക്കിടെ സ്കൂൾ അദ്ധ്യാപികയുടെ ഐഫോൺ തട്ടിപ്പറിച്ചു. ബൈക്കിലെത്തിയ സംഘമാണ് മൊബൈൽ കവർച്ച നടത്തിയത്. നബ് സാരയിൽ താമസിക്കുന്ന യോവിക ചൗധരിയാണ് ഫോൺ തട്ടിയെടുക്കുന്നതിനിടയിൽ കവർച്ച സംഘത്തിനെ ആക്രമണത്തിന് ഇരയായത്. സാകേതിലെ പിവിആറിന് പുറത്തുള്ള ഒരു ഓട്ടോറിക്ഷയിൽ കയറി സാകേതിലെ ഖോഖ മാർക്കറ്റ് വഴി കടന്നുപോകുമ്പോൾ മോട്ടോർസൈക്കിളിലെത്തിയ രണ്ട് പേർ പുറകിൽ നിന്ന് ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഫോൺ വിടാതെ പിടിച്ച യോവിക ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു, വീഴ്ചയിൽ മൂക്കിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളുണ്ടായി. ഇതിനിടെ വീണ യുവതിയുടെ കൈയ്യിൽ നിന്ന് ഫോൺ ബലമായി പിടിച്ചു വാങ്ങിയാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ച്ചയിൽ കവർച്ചക്കാർ 20 വയസ്സിന് താഴെയുള്ള പുരുഷന്മാരാണെന്നും കവർച്ച സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും അവർ പോലീസിനോട് പറഞ്ഞു. മോഷണം, മോഷണത്തിനിടെയുള്ള ആക്രമണം, പൊതു ഉദ്ദേശ്യത്തോടെ സംഘം ചെയ്ത ക്രിമിനൽ പ്രവൃത്തി എന്നിവയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.