ആംസ്റ്റര്‍ഡാം: മൂവായിരത്തോളം ആഡംബര കാറുകളുമായി ജര്‍മനിയില്‍ നിന്നും ഈജിപ്തിലേക്ക് പോയ ചരക്കു കപ്പലിന് ഡച്ച് തീരത്ത് വച്ച് തീ പിടിച്ചു. ജീവനക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇന്ത്യന്‍ നാവികനാണ് മരിച്ചതെന്ന് റോയ്ട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. പനാമയിൽ രജിസ്റ്റർ ചെയ്ത 199 മീറ്റർ (655 അടി) ഫ്രീമാന്‍റില്‍ ഹൈവേ എന്ന കപ്പലിനാണ് ചൊവ്വാഴ്ച രാത്രി തീപിടിച്ചത്.
വടക്കൻ ഡച്ച് ദ്വീപായ അമേലാൻഡിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഇതിനെ തുടര്‍ന്ന് നിരവധി ക്രൂ അംഗങ്ങൾ കടലിൽ ചാടാൻ നിർബന്ധിതരായി.21 പേരടങ്ങുന്ന മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്ന് കപ്പലിന്‍റെ ഉടമസ്ഥരായ ജപ്പാനിലെ ഷൂയ് കിസെൻ പറഞ്ഞു. വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതൽ വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് മുങ്ങാൻ സാധ്യതയുണ്ടെന്ന് ഡച്ച് കോസ്റ്റ്ഗാർഡ് പറഞ്ഞു.തീ കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുമെന്ന് തീരസംരക്ഷണ സേനയെ ഉദ്ധരിച്ച് ഡച്ച് വാർത്താ ഏജൻസിയായ എഎൻപി റിപ്പോർട്ട് ചെയ്തു.