പത്തനംതിട്ട : ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഭിന്നശേഷി സെന്‍സസ് അപ്‌ഡേഷന്‍, യുഡിഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എല്ലാ ഭിന്നശേഷിക്കാര്‍ക്കും കഴിവതും വേഗം യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ കാര്‍ഡുകള്‍ പൂര്‍ത്തികരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരെ സ്വാവലംബന്‍ വെബ്സൈറ്റിലേക്ക് പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കിടപ്പുരോഗികള്‍ ആയ ഭിന്നശേഷിക്കാരെ രജിസ്റ്റര്‍ ചെയ്യിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഓരോ പഞ്ചായത്തിലും അക്ഷയ സെന്റര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ സേവനം ഉറപ്പ് വരുത്തി പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ മെഡിക്കല്‍ ക്യാമ്പ്, അദാലത്ത് എന്നിവ സംഘടിപ്പിക്കും. ഭിന്നശേഷി സംബന്ധമായ തിരിച്ചറിവ് പ്രാരംഭഘട്ടത്തില്‍ തന്നെ ഉണ്ടാകുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഏര്‍ളി ഇന്റെര്‍വെന്‍ഷന്‍ പ്രൊജക്റ്റ് നടപ്പിലാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രീത, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.