കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താൻ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗൺ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൂടരഞ്ഞിയിലും വെള്ളയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലിയുടെ വെളിപ്പെടുത്തൽ. 1986 ലാണ് ആദ്യ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദലി പറയുന്നത്. 14 വയസുള്ളപ്പോൾ കൂടരഞ്ഞിയിൽ വെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ചവിട്ടി വീഴ്ത്തി. ഇവിടെ നിന്നും ഭയന്ന് ഓടി പോയ മുഹമ്മദാലി പിന്നീട് അറിയുന്നത് താൻ ചവിട്ടി വീഴ്ത്തിയ ആൾ മരിച്ചു എന്നാണ്. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നു.
ഇതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാൻ ആരും വരാത്തതിനാൽ അഞ്ജാത മൃതദേഹമായി സംസ്‌കരിച്ചു. കൊലപാതക വിവരം കോഴിക്കോട് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെത്തിയാണ് മുഹമ്മദലി ഏറ്റുപറഞ്ഞത്. വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പോലീസ് മുഹമ്മദാലിക്കെതിരെ കേസ് എടുത്ത് റിമാന്റ് ചെയ്തു. കൂടരഞ്ഞിയിലേത് കൂടാതെ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മുഹമ്മദാലി പിന്നീട് വെളിപ്പെടുത്തി. 1989 – ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളെ കൊലപ്പെടുത്തി എന്നാണ് മൊഴി. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.