മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് ഓട്ടോയില്‍ കാറിടിച്ച് 13 കാരന്‍ മരിച്ചു. അങ്ങാടിപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചെകിടപ്പുറത്ത് അബ്ദുസമദിന്റെ മകനും മൊട്ടമ്മല്‍ അമ്മിപ്പടി ഹിഫ്‌ള് കോളേജ് വിദ്യാര്‍ത്ഥിയുമായ അഹമ്മദ് റബീഹ് (13) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ അങ്ങാടിപ്പുറം ഓരാടംപാലത്ത് വെച്ചാണ് ഓട്ടോയില്‍ കാറിടിച്ച് അപകടം ഉണ്ടായത്. പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടില്‍ കുടുംബസമേതം പോയി മടങ്ങി വരവെ ഒരാടം പാലം വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്.
വടകര സ്വദേശികള്‍ സഞ്ചരിച്ച കാറ് ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന അഹമ്മദ് റബീഹിന്റെ മാതാപിതാക്കളും സഹോദരങ്ങളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റബീഹിനെ ഉടന്‍ മാലാപറമ്പ് എം ഇ എസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.