കൊച്ചി : വെറുപ്പിന്റെ രാഷ്‌ട്രീയം രാജ്യത്തിന്റെ ഉന്നതതലം മുതല്‍ കൊച്ചു കുട്ടികള്‍ക്കിടയില്‍ വരെ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഒരു സ്‌കൂളില്‍ നിന്നും പുറത്തു വന്ന വീഡിയോ ദൃശ്യത്തില്‍ നിന്നും വ്യക്തമാകുന്നത്. ഏഴ് വയസുകാരനായ മുസ്ലീം വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളെക്കൊണ്ട് മുഖത്തും പുറത്തുമൊക്കെ അടിപ്പിക്കുന്ന ഒരു അധ്യാപിക. വിദ്യാര്‍ഥിയെ ‘മുഹമ്മദന്‍’ എന്ന് വിശേഷിപ്പിച്ച് കൂടുതല്‍ ശക്തിയില്‍ അവന്റെ മുഖത്തടിക്കാന്‍ മറ്റ് വിദ്യാര്‍ഥികളോട് ഇവര്‍ ആവശ്യപ്പെടുകയാണ്. തൃപ്‌ത ത്യാഗി എന്ന അധ്യാപികയുടെ ഭാഗത്ത് നിന്നുമാണ് ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. ഗുണനപട്ടിക ശരിയായ വിധം പഠിക്കാത്തതുകൊണ്ടാണെന്നാണ് അധ്യാപികയുടെ ഭാഗത്ത് നിന്നുമുള്ള വിശദീകരണം. പോലീസ് സ്വമേധയാ കേസെടുക്കേണ്ടിയിരുന്ന സംഭവമാണ്. എന്നാല്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് പോലീസും മൗനം പാലിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഫലമായാണ് പോലീസ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്.
അങ്ങ് ഉത്തരേന്ത്യയിലല്ലേ എന്നു പറഞ്ഞ് ഇത് തള്ളിക്കളയുക സാധ്യമല്ല. കാരണം ഈ സംഭവം നടന്നത് ഇന്ത്യയിലാണ്, നന്മയുടെ ബാലപാഠം അഭ്യസിപ്പിക്കേണ്ട കലാലയത്തിലാണ്. ‘മാതാപിതാ ഗുരു ദൈവം’ എന്ന സത്‌വചനങ്ങള്‍ നിരന്തരം ചൊല്ലി വിദ്യ അഭ്യസിച്ച നമുക്ക് ഇത്തരമൊരു സംഭവം അംഗീകരിക്കുക സാധ്യമല്ല. മാത്രമല്ല അധ്യാപകര്‍ക്കാകെ നാണക്കേട് ഉണ്ടാക്കുന്ന ഒരു സംഭവം കൂടിയാണിത്. ചന്ദ്രനെത്തൊട്ട് ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഇത്തരമൊരു സംഭവത്തിന് ഇന്ത്യ സാക്ഷിയാകുന്നത് ഏറെ വേദനാജനകമാണ്. പരസ്‌പരം സ്‌നേഹവും സാഹോദര്യവും വളര്‍ത്തേണ്ട മനസുകളില്‍ വെറുപ്പ് കുത്തി വെയ്‌ക്കുന്ന പ്രവണതയാണ് തൃപ്‌തി ത്യാഗി എന്ന സ്‌ത്രീയുടെ ഭാഗത്ത് നിന്നുമുണ്ടായത്. മാത്രമല്ല ചെയ്‌ത തെറ്റ് തിരിച്ചറിയാനോ അത് അംഗീകരിക്കാനോ ഒരു അധ്യാപികയ്ക്ക് ആവില്ല എന്നതും ഏറെ സങ്കടകരമായ കാര്യമാണ്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അത് പറഞ്ഞ് തിരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം നാളിതുവരെയും കണ്ടിട്ടില്ലാത്ത ദുഷ്‌ടമാര്‍ഗങ്ങള്‍ അവലംബിക്കുക വഴി അവരെ ഒരു അധ്യാപികയായി തന്നെ അഭിസംബോധന ചെയ്യുക പ്രയാസമാണ്.
നേരിന്റെ വഴി കാട്ടേണ്ട അധ്യാപികയാല്‍ മുറിവേല്‍ക്കേണ്ടി വന്ന കുരുന്നുകള്‍ക്ക് സൗഹൃദത്തിന്റെ പാഠം പകര്‍ന്നുകൊടുത്ത് അവരോട് മര്‍ദനമേറ്റുവാങ്ങിയ കുരുന്നിനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ട കര്‍ഷക നേതാവ് നരേഷ് ടിക്കായത്തിനെ പോലെയുള്ളവരെയാണ് നമുക്ക് ആവശ്യം. ചെറുപ്പത്തില്‍ അഭ്യസിക്കുന്ന വിദ്യകളാണ് വളര്‍ന്നുവരുമ്പോള്‍ ഒരുവന്റെ സ്വഭാവരൂപീകരണത്തിന് കാരണമാകുന്നത്. ഇത് മുസാഫറാണെന്ന് പറഞ്ഞ് മറ്റ് കുട്ടികളോട് മര്‍ദിക്കാന്‍ നിര്‍ദേശിച്ച അധ്യാപിക നിങ്ങള്‍ സഹോദരങ്ങളാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രൗഡി ചന്ദ്രയാനൊപ്പം വാനോളം ഉയര്‍ന്നേനെ. താന്‍ ചെയ്‌ത തെറ്റിന്റെ വ്യാപ്‌തി എത്രമാത്രമുണ്ടെന്ന് അധ്യാപികയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കാരണം ഒരു രാജ്യത്തിന്റെ ഭാവിയാണ് അധ്യാപകരുടെ കൈകളിലുള്ളത് എന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. ഇനി ഇത്തരമൊരു സംഭവത്തിന് രാജ്യം വേദിയാകാതിരിക്കട്ടെ.