തിരൂർ : ചൈനയിലെ വെയ്ഫാങ്ങിൽ പട്ടം പറത്താൻ യാത്ര പുറപ്പെടുകയാണ് മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ആറംഗ സംഘം. വെറുതേ ആകാശത്തേക്കൊരു പട്ടം ഉയർത്തി വിടുകയല്ല, മറിച്ച് അവിടെ നടക്കുന്ന പട്ടം പറത്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് സ്വർണം നേടാനാണു സംഘം യാത്ര തിരിക്കുന്നത്. ഇന്ത്യയിൽനിന്ന് ഈ സംഘം മാത്രമാണ് മത്സരത്തിനു പോകുന്നത്. ഇന്ത്യ കൈറ്റ് ടീം പരിശീലകൻ അബ്ദുല്ല മാളിയേക്കൽ, ഇന്റർനാഷനൽ കോഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ക്യാപ്റ്റൻ മെഹഷൂക് ചാലിയം, മാനേജർ ഹൈദർ അലി, ഇൻഫ്ലാറ്റബിൾ കൈറ്റൽ അലി അക്ബർ, കൈറ്റ് ഫ്ലയർ ടി.വി.സ്വപ്ന എന്നിവരാണ് ഇന്ന് ചൈനയിലേക്കു വിമാനം കയറുന്നത്. 19 മുതൽ 24 വരെയാണ് അവിടെ വേൾഡ് കൈറ്റ് ചാംപ്യൻഷിപ് നടക്കുന്നത്. 94 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും.
വെയ്ഫാങ്ങിലെ ഒരു മലഞ്ചെരിവിലാണ് ചാംപ്യൻഷിപ് നടക്കുന്നത്. 1984ൽ ആണ് ഇവിടെ കൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നെത്തുന്നവർ വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള വലിയ പട്ടങ്ങൾ ഇവിടെ പറത്തും. 20 വർഷങ്ങൾക്കു മുൻപ് ഫെസ്റ്റിവലിന്റെ കൂടെ ചാംപ്യൻഷിപ്പും ആരംഭിച്ചു. 2 ലൈൻ കൈറ്റ്സ്, റുക്കാക്കോ കൈറ്റ്സ്, ഇൻഫ്ലാറ്റബിൾ ഷോ കൈറ്റ്സ് എന്നീ ഇനങ്ങളിലാണ് ഇവിടെനിന്നു പോയ സംഘം മത്സരിക്കുന്നത്. ഇതിൽ ഇൻഫ്ലാറ്റബിൾ ഷോ കൈറ്റ്സ് മത്സരത്തിൽ 2013ൽ ഈ സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 45 അടി നീളമുള്ള കഥകളി രൂപമാണ് അന്നവർ വെയ്ഫാങ്ങിലെ വാനിൽ ഉയർത്തിവിട്ടത്. ഇത്തവണ കടുവയുടെ രൂപത്തിലുണ്ടാക്കിയ വലിയ പട്ടമാണ് പറത്തുന്നത്. പൂച്ചയുടെ രൂപത്തിലുള്ള പട്ടവുമുണ്ട്.
വെയ്ഫാങ്ങിലെ മത്സരത്തിനുശേഷം സംഘം ചൈനയിലെ വുഹാൻ, ഹുവായിരൻ, യൻചേങ് എന്നിവിടങ്ങളിലെ പട്ടം പറത്തൽ മത്സരങ്ങളിലും പങ്കെടുക്കും. ഇന്നലെ നടന്ന ചടങ്ങിൽ ഇന്ത്യൻ കൈറ്റ് ടീമിന്റെ ജഴ്സി ഓൾ ഇന്ത്യ അത്‍ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. അൻവർ അമീൻ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കരയ്ക്കു നൽകി പ്രകാശനം ചെയ്തു. നജാഹ് ചാലിയം, ചാർലി എന്നിവർ പ്രസംഗിച്ചു.