മലപ്പുറം : മാതാവിന്‍റെ വീട്ടിൽ വിരുന്നുവന്ന മൂന്ന് വയസുകാരൻ കിണറ്റിൽ വീണുമരിച്ചു. മലപ്പുറം എടപ്പാൾ പുറങ്ങ് പള്ളിപ്പടിയിലാണ് സംഭവം. കറുകതിരുത്തി സ്വദേശി വെള്ളത്തിങ്ങൽ ആബിദിന്‍റെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് ഫഹീനാണ് കിണറ്റിൽ വീണ് മരിച്ചത്. മാതാവ് ഷഹലക്കൊപ്പമാണ് പുറങ്ങ് പള്ളിപ്പടിയിലെ വീട്ടിലേക്ക് ഫഹീൻ വിരുന്നെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്.
മുറ്റത്ത് ഇരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ആൾമറയില്ലാത്ത കിണറ്റിന് അടുത്തേക്ക് പോകുകയായിരുന്നു. കുട്ടി കിണറ്റിലേക്ക് വീഴുന്നത് കണ്ട ഷഹലയുടെ ബന്ധു അബ്ദുൽ ഖാദർ പെട്ടെന്ന് കിണറ്റിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ സമീപവാസികളുടെ സഹായത്തോടെ കുട്ടിയെ എടപ്പാൾ നടുവട്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം നടന്നു.