കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ദേശീയപാത നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാര്‍ സ്വദേശിയായ സനിഷേക് കുമാര്‍ (20) ആണ് കോഴിക്കോട് മരിച്ചത്. തിങ്കളാഴ്ച രാവിലെ അറരയോടെ കോഴിക്കോട് പന്തീരാങ്കാവിലാണ് ദാരുണമായ അപകടമുണ്ടായത്. ദേശീയ പാതയുടെ ഭാഗമായി പന്തീരാങ്കാവില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിലേക്ക് മണ്ണ് ഇറക്കുന്നതിനായി എത്തിയ വലിയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം മേല്‍പാലത്തിലെ ജോലി കഴിഞ്ഞ് സനിഷേക് അവിടെത്തന്നെ കിടന്നുറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. വാഹനങ്ങള്‍ വരില്ലെന്ന് ഉറപ്പുള്ളതിനാലായിരിക്കാം ഇവിടെ കിടന്നുറങ്ങിയത്. എന്നാല്‍ രാവിലെ തന്നെ ഇവിടേക്കുള്ള മണ്ണുമായി എത്തിയ ലോറി അശ്രദ്ധമായി പുറകിലേക്കെടുത്തപ്പോള്‍ സനിഷേകിന്റെ തലയിലൂടെ കയറിയിങ്ങുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പോലീസാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.