തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്കാണ് (37 ശതമാനം) തൊഴിലവസരം ലഭിച്ചിട്ടുള്ളത്. വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസിൽ നിർവഹിക്കുകയിരുന്നു മന്ത്രി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പിലായിരിക്കുകയാണ്.
നമ്മുടെ യുവജനതയ്ക്ക് പ്രത്യേകമായി തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സാധ്യതകൾ തുറന്നിടുന്ന വലിയ കേന്ദ്രമായി മാറുകയാണ് അസാപിന്‍റെ ആഭിമുഖ്യത്തിലുള്ള വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ. സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പഠനവും പരിശീലനവും പൂർത്തിയാക്കിയവർക്ക് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിൽ ലഭിക്കുകയാണ്. തൊഴിൽ ലഭിച്ച ഗുണഭോക്താക്കളിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളും ഉണ്ടെന്നുള്ളത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
റോഡ്, റെയിൽ കണക്റ്റിവിറ്റി പ്രാവർത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുൻപിൽ വലിയ വികസന സാധ്യതകൾ തുറന്നിടും. 2028 ൽ വിഴിഞ്ഞം പോർട്ട് പൂർണ്ണസജ്ജമാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ. 2024 ജൂലൈയിൽ ആരംഭിച്ച ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കുകയും ഒരു ലക്ഷത്തിൽപരം കണ്ടെയ്‌നറുകൾ ഈ വർഷം മാർച്ചിൽ തന്നെ എത്തിച്ചേരുകയും ചെയ്തു. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് സാധിക്കും. അതോടൊപ്പം നിരവധി തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
വനിതാ കൂട്ടായ്മയായ വി സ്മാർട്ടിന് പോർട്ടിലെ മുഴുവൻ ശുചീകരണ ചുമതല നൽകികൊണ്ടുള്ള കരാറും മന്ത്രി കൈമാറി. വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം നേടിയ എട്ട് ഇന്റേണൽ ട്രാൻസ്ഫർ വെഹിക്കിൾ ഡ്രൈവർമാർക്കും ആറ് ലാഷർമാർക്കും സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് ഓർഡറും മന്ത്രി നൽകി. തുറമുഖ സ്പെഷ്യൽ സെക്രട്ടറി ഡോ. എ കൗഷിഗൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ, വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു. വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് വഴി ലാഷർ, ഐടിവി ഡ്രൈവർമാർ, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലന കോഴ്‌സുകൾ നടത്തുന്നത്. പരിശീലനം പൂർത്തിയാക്കിയ മൂന്ന് ബാച്ച് ഐടിവി, രണ്ട് ബാച്ച് ലാഷർ കോഴ്‌സുകളിലെ മുഴുവൻ പേർക്കും വിഴിഞ്ഞം പോർട്ടിൽ ജോലി ലഭിച്ചിട്ടുണ്ട്.