ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയത്. സ്പീക്കര്‍ രാം നിവാസ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1912ലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നത്. സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. 1926ല്‍ ഈ മന്ദിരം കോടതിയാക്കി മാറ്റി. അടുത്ത ആഗസ്റ്റ് 15നകം തുരങ്കം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രാം നിവാസ് ഗോയല്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നുവെന്ന് ഗോയല്‍ വ്യക്തമാക്കി.
ചെങ്കോട്ടവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെന്നും 1993 ല്‍ എംഎല്‍എ ആയപ്പോള്‍ അതിന്റെ ചരിത്രം പരിശോധിക്കാന്‍ ശ്രമിച്ചതായും രാം നിവാസ് ഗോയല്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തയുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയ തുരങ്കത്തിന്റെ കൂടുതല്‍ ഉള്ളിലേക്ക് പോകാന്‍ കഴിയില്ല. മെട്രോ പദ്ധതികളും ഓടകളും മൂലം പല സ്ഥലത്തും തുരങ്കം തകര്‍ന്ന നിലയിലാണെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.