പത്തനംതിട്ട: ആൾമറ ഇല്ലാത്ത കിണറ്റിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കഴിഞ്ഞദിവസം പെരുമ്പെട്ടിയിൽ വാടകവീട്ടിൽ താമസിക്കുന്ന ദമ്പതികളുടെ രണ്ടു വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി കേരള ജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ നടപടി. ആൾമറിയില്ലാത്ത കിണറുകൾ കൈവരികെട്ടി സംരക്ഷിക്കണമെന്നു 1994 ലെ കേരള പഞ്ചായത്ത് രാജിൽ പറയുന്നുണ്ട്. അതുകൂടാതെ ആൾമറ ഇല്ലാത്ത കിണറുകൾ കൈവരികെട്ടി സംരക്ഷിക്കണമെന്നും ഉപയോഗമില്ലാത്തവ മൂടണമെന്നും കാണിച്ച് സർക്കാർ സർക്കുലർ ഇറക്കിയിട്ടുള്ളതാണ്. എന്നാൽ ഇപ്രകാരമുള്ള ചട്ടങ്ങൾ വസ്തുവിന്റെ ഉടമകൾ പാലിക്കാത്തതുമൂലം അബദ്ധത്തിൽ കിണറുകളിൽ വീണു അനേകം കുട്ടികളും മുതിർന്നവരും മരണപ്പെടുന്നുണ്ട്.
പെരുമ്പട്ടി എന്നു പറയുന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്ന ഷാജി സരള ദമ്പതികളുടെ ഇളയ മകൾ രണ്ടു വയസ് പ്രായമുള്ള അരുണിമ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു മരണപ്പെട്ടതായി മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി. വസ്തുവിന്റെ ഉടമ പഞ്ചായത്ത് രാജിന് അനുസൃതമായി സർക്കാരിന്റെ സർക്കുലറിന് അനുസൃതമായി ഭീഷണിയായി നിന്ന കിണറിന് സംരക്ഷണ ദിത്തി കെട്ടാത്തത് മൂലമാണ് ഒന്നുമറിയാത്ത കൊച്ചുകുട്ടി മരണപ്പെട്ടത്. കുട്ടി മരണപ്പെട്ട സംഭവത്തിൽ സംരക്ഷണഭിത്തി നിർമിക്കാത്ത കിണറിന്റെ ഉടമസ്ഥനെതിരെ കേസെടുക്കണമെന്നും കുട്ടിയുടെ മാതാപിതാക്കൾക്ക് വസ്തുവിന്റെ ഉടമയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും സംസ്ഥാനത്തെ മുഴുവൻ ആൾമാറിയില്ലാത്ത കിണറുകളും മൂടാൻ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പരാതിയിലൂടെ ആവശ്യപ്പെട്ടു.