കോന്നി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ വീട്ടുപകരണങ്ങൾ ഉപയോഗിച്ച് രാഷ്ട്രപിതാവിന്റെ വേറിട്ട ചിത്രം പൂർത്തിയാക്കി വെട്ടൂർ പേഴുംകാട്ടിൽ സ്മൃതി ബിജു. ഒരുമാസം കൊണ്ടാണ് ചിത്രം പൂർത്തിയായത്. മൊബൈൽ ഫോൺ, ചാർജർ, പൗഡർ, കണ്ണാടി, പേന, പെൻസിൽ, സ്പ്രേ, പെയിന്റിംഗ് ബ്രഷ്, വാച്ചുകൾ, ബൾബുകൾ, സ്ക്രുഡ്രൈവറുകൾ, മൗസ്, തീപ്പെട്ടി, കളിപ്പാട്ടങ്ങൾ, ഡെറ്റോൾ ബോട്ടിൽ, ഷാംപൂ, മേക്കപ്പ് ബ്രഷ്, റിമോട്ട് കൺട്രോൾ, മുത്തുകൾ, കത്തികൾ, റിമോട്ട് കണ്ട്രോളുകൾ, സ്ലൈഡുകൾ, വാച്ചുകൾ, ചോക്കുകൾ തുടങ്ങിയവയാണ് ഉപയോഗിച്ചത്. ചിത്രത്തിന് അനുയോജ്യമായ നിറത്തിലുള്ള വീട്ടുപകരണങ്ങൾ കിട്ടാനാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടായതെന്ന് സ്മൃതി ബിജു പറഞ്ഞു. മുമ്പ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 100 കിലോ വ്യത്യസ്തയിനം പയറുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം പൂർത്തിയാക്കി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കിയിട്ടുണ്ട് ബിജു. കടുകുകൾ ഉപയോഗിച്ചും ആയിരം മുട്ടത്തോടുകൾ ഉപയോഗിച്ചും സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധിജിയുടെ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
5000 പൊട്ടുകൾ ഉപയോഗിച്ച് മോഹൻലാലിന്റെ ചിത്രം വരച്ച് ശ്രദ്ധനേടിയിരുന്നു. ഈർക്കിലുകൾ ഉപയോഗിച്ച് ജവഹർലാൽ നെഹ്റുവിന്റെ ചിത്രവും വരച്ചിട്ടുണ്ട്. മസ്കറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിലും പൂനെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലും ഡൽഹി യൂണിവേഴ്സിറ്റിയിലും വർക്കുകൾ ചെയ്തിട്ടുണ്ട്. 2016ലെ ഇന്റർനാഷണൽ പെയിന്റിംഗ് എക്സിബിഷനിലും കേരള ലളിതകലാ അക്കാഡമി എക്സിബിഷനിലും പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയമായ മസ്കറ്റിലെ യാക്കോബായ പള്ളിയിലെ ചിത്രരചന നടത്തിയത് ബിജുവായിരുന്നു. യുഎഇയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ ചിത്രകല അദ്ധ്യാപകനായ ബിജു ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ മ്യൂറൽ ആർട്ട് പഠിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഭാര്യ രാജി. മകൻ അലോഷി.