കോന്നി : ആര്‍എസ്എസിന്‍റെ പണി കേരളാ പോലീസ് ഏറ്റെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയിളക്കുമെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഷാ മൗലവി പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോന്നി ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കിയ സംഘപരിവാര്‍ ഭീകരത ഇന്ത്യയുടെ മതേതരത്തിനാണ് ഭീഷണിയാവുന്നത്. ഹിന്ദുത്വരാജ്യം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ആര്‍എസ്എസ് വംശഹത്യ നടപ്പാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ ജനകീയമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോന്നി ഡിവിഷന്‍ പ്രസിഡന്‍റ് സബീർ എച്ച് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി ഫാസിൽ ചിറ്റാർ, കോന്നി ഏരിയ പ്രസിഡന്റ് നിസാം കോന്നി തുടങ്ങിയവർ സംസാരിച്ചു. കോന്നി ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ ബഷീർ, നജീബ്, നൗഫൽ ചിറ്റാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്‍കി.