തൃശൂര്‍: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു.വരും തലമുറക്ക് പഠനത്തിനൊപ്പം തൊഴില്‍ നൈപുണ്യം പകര്‍ന്ന് പുതിയ യുവതലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് വെറ്ററിനറി യൂണിവേഴ്സിറ്റി കേരളയുടെ (ടിഒവിയുകെ) സംസ്ഥാന സമ്മേളനം മണ്ണുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാ മേഖലയില്‍ അക്കാദമിക് മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ മുതല്‍മുടക്കുന്നു. സമഗ്രമായ കേരള വികസന സങ്കല്‍പ്പമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ഭാവി കേരളത്തിനും മികവാര്‍ന്ന ജീവിതാവസ്ഥ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. സംഘപരിവാര്‍ ശക്തികള്‍ ഗോമൂത്രം ഔഷധമാണെന്ന് പ്രചരിപ്പിച്ച് ശാസ്ത്ര നേട്ടങ്ങളാകെ നിഷേധിക്കുന്നു. വര്‍ഗീയതയും വംശീയതയും പ്രയോജനപ്പെടുത്തി വോട്ടാക്കി മാറ്റുന്നു. ഈ സാഹചര്യത്തില്‍ ശാസ്ത്രബോധവും യുക്തിബോധവും വളര്‍ത്തിയെടുക്കാന്‍ അധ്യാപക സമൂഹത്തിനാവണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില് ടിഒവിയുകെ പ്രസിഡന്‍റ് ഡോ സജിത് പുരുഷോത്തമന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡോ ആര്‍ എസ് അഭിലാഷ്, സിപിഐ എം മണ്ണുത്തി ഏരിയാ സെക്രട്ടറി എം എസ് പ്രദീപ് കുമാര്‍, ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഡോ എ പ്രേമ, ടിഒകെഎയു ജനറല്‍ സെക്രട്ടറി ഡോ പി കെ സുരേഷ്കുമാര്‍, കെവിയുഇഎ ജനറല്‍ സെക്രട്ടറി കെ സുനില്‍, ഫാം വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു ജനറല്‍ സെക്രട്ടറി പി സതികുമാര്‍, എസ്‌എഫ്‌ഐ വെറ്ററിനറി കൊളേജ് യൂണിറ്റ് സെക്രട്ടറി പി കെ അഭിരാം, ടിഒവിയുകെ ട്രഷറര്‍ ഡോ എസ് ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
സര്‍വകലാശാല ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന ഡോ എന്‍ അശോക്, ഡോ പി സുധീര്‍ബാബു, ഡോ. സി ലത, ഡോ എസ് എന്‍ രാജ്കുമാര്‍, ഡോ ടി എസ് രാജീവ് എന്നിവരെ ആദരിച്ചു.