പൈനാവ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജിന്‍റെ അശ്ലീല പരാമര്‍ത്തിനെതിരെ സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. ഇത്തരം പരാര്‍ശങ്ങള്‍ രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
”ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്, രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളോട് സി.പി.എം യോജിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ് സി.പി.എം എതിര്‍ക്കുന്നത്. അത്തരം രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല.” – വിജയരാഘവന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെണ്‍കുട്ടികളുമായി രാഹുല്‍ സംവദിച്ചതിനെയാണ് ജോയ്സ് ജോര്‍ജ് പരിഹസിച്ചത്. വിദ്യാര്‍ഥികളെ രാഹുല്‍ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ഇരട്ടയാറില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച എം.എം മണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ മുന്‍ എം.പി പരിഹസിച്ചത്.
രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളിലെ പോവുകയുള്ളു. അവിടെ ചെന്ന് വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും പഠിപ്പിക്കും. പക്ഷെ അങ്ങനെയൊന്നും ചെയ്യരുത്. കാരണം, രാഹുല്‍ പെണ്ണ് കെട്ടിയിട്ടില്ല – ഇതായിരുന്നു ജോയ്സ് ജോര്‍ജിന്‍റെ പരാമര്‍ശം. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു സ്ത്രീ വിരുദ്ധ പരാമര്‍ശം ജോയ്സ് ജോര്‍ജ് നടത്തിയത്. എം.എം മണി ജോയ്സ് ജോര്‍ജിനെ പിന്തുണക്കുകയും ചെയ്തിരുന്നു.