അങ്കമാലി: ബംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി കേരളത്തിലേക്കു വന്ന യുവാവും യുവതിയും അറസ്റ്റിൽ. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ് (21), ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടമ്പിള്ളി വീട്ടിൽ അനഘ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്നുമായി ഇരുവരെയും പിടികൂടിയത്. ബംഗളൂരുവിൽ നിന്നും പത്തനംതിട്ടയ്ക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്നു ഇവർ.
അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വച്ച് പൊലീസ് വാഹനം തടത്തു നിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും പേഴ്സിൽ നിന്നുമായി 20.110 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. ഇവരെ പിടികൂടിയ സംഘത്തിൽ ജില്ലാ ഡൻസാഫ് ടീമിനെ കൂടാതെ ഇൻസ്പെക്ടർ പി.എം. ബൈജു, എസ്ഐമാരായ പ്രദീപ് കുമാർ, മാർട്ടിൻ ജോൺ, ദേവിക, എഎസ്ഐ റജി മോൻ, സിപിഒമാരായ മഹേഷ്, അജിത എന്നിവരും ഉണ്ടായിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.