മാഡ്രിഡ്: ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയെ മോശമായി സ്പർശിച്ച ഒരാൾ അറസ്റ്റിൽ. സ്‌പെയിനിലെ മാഡ്രിഡിൽ കവർച്ച നടന്ന തെരുവിൽ നിന്ന് നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. മാധ്യമ പ്രവർത്തകയായ ഇസ ബലാഡോയുടെ പിറകിൽ നിന്ന് വന്ന ഇയാൾ ദേഹത്ത് സ്പർശിച്ച് ഏത് ചാനലിന്റെ റിപ്പോർട്ടറാണെന്ന് ചോദിച്ചു. ആദ്യം ഞെട്ടിയെങ്കിലും മാധ്യമപ്രവർത്തക റിപ്പോർട്ടിങ് തുടർന്നു. എന്നാൽ ചാനൽ അവതാരകൻ ഇക്കാര്യം ശ്രദ്ധിക്കുകയും മാധ്യമപ്രവർത്തകയോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു.
അയാൾ മോശമായി സ്പർശിച്ചെന്ന് റിപ്പോർട്ടർ പറഞ്ഞപ്പോൾ അയാളെ ലൈവിൽ കാണിക്കാൻ അവതാരകൻ ആവശ്യപ്പെട്ടു. തന്നെ എന്തിനാണ് മോശമായി സ്പർശിച്ചതെന്ന് അയാളോട് ചോദിച്ചപ്പോൾ ചിരിച്ചു തള്ളുകയായിരുന്നു. താൻ ലൈവ് റിപ്പോർട്ടിങ് ചെയ്യുന്നത് കാണുന്നില്ലേയെന്നും ഏത് ചാനലാണ് എന്നറിയണമെങ്കിൽ എന്നെ തൊടാതെ ചോദിക്കാമായിരുന്നെന്നും മാധ്യമപ്രവർത്തക ചോദിച്ചു. എന്നാൽ താൻ അങ്ങനെയൊന്നും ചെയ്തില്ലെന്നായിരുന്നു മറുപടി. ഇയാളുടെ വീഡിയോ ലൈവായി ചാനലില്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തുടർന്ന് മാഡ്രിഡ് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.