ചെന്നൈ : പുതുവത്സരാഘോഷത്തിനിടെ പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കടലൂരാണ് സംഭവം. മണികണ്ഠൻ എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപാമ്പിനെയെടുത്ത് ആളുകൾക്ക് മുന്നിൽ അഭ്യാസം നടത്തുന്നതിനിടെയാണ് കടിയേറ്റത്. സമീപത്തെ കുറ്റിക്കാട്ടിൽ ഇഴയുന്ന പാമ്പിനെ മണികണ്ഠൻ കൈയിലെടുക്കുകയായിരുന്നു.
പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ പാമ്പിനെ പിടിക്കുകയായിരുന്നു. അതിനെ ഉയർത്തിക്കാട്ടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താനും ശ്രമിച്ചതിനിടയിലാണ് പാമ്പ് കൈയിൽ കടിച്ചത്. എന്നാൽ കടിയേറ്റിട്ടും ഇതെന്‍റെ പുതുവത്സര സമ്മാനം എന്ന് അയാൾ ആർത്തുവിളിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ നിമിഷങ്ങൾക്കകം അയാൾ കുഴഞ്ഞുവീണു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പിനെ പിടികൂടി ഡോക്ടർമാരെ കാണിക്കാൻ കൂടെ കൊണ്ടുവന്ന സുഹൃത്ത് കബിലനും കടിയേറ്റു. ചാക്ക് തുറക്കാൻ ശ്രമിക്കുമ്പോഴാണ് സുഹൃത്തിന് കടിയേറ്റത്. ഇയാൾ കടലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.