അങ്കമാലി: ടൗണിലെ ബാറിൽ യുവാവ് കൊല്ലപ്പെട്ടത് ഗുണ്ട സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലിലെന്ന് പോലീസ്. അങ്കമാലി കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരനാണ് (32) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ഹിൽസ് പാർക്ക് ബാറിലായിരുന്നു സംഭവം നടന്നത്. നെഞ്ചിന് കുത്തേറ്റും മദ്യത്തിന്റെയും സോഡയുടെയും കുപ്പികൾ കൊണ്ട് അടിയേറ്റും അവശനിലയിലായ ആഷിക്കിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വധശ്രമം അടക്കം 15ഓളം കേസുകളിൽ ഉൾപ്പെട്ട ആഷിക്കിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. തനിക്കെതിരെ സാക്ഷിമൊഴി നൽകിയ എതിർ ചേരിയിലുള്ളവർക്ക് ഭീഷണി ഉയർന്നതോടെ നടന്ന ആസൂത്രിത കൊലയാണിതെന്നാണ് പോലീസ് നൽകുന്ന സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. കൊലയിൽ നേരിട്ട് പങ്കുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഉന്നത പോലീസ് സംഘവും വിവിധ അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി പരിശോധന നടത്തി. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്.