തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കപ്പലും കാണാനായി പാറയില്‍ കയറി നില്‍ക്കവെ തിരയടിച്ച് കടലില്‍ വീണു യുവാവിനെ കാണാതായി. ചൊവ്വര എസ്.ബി.ഐ. റോഡിന് സമീപം അജേഷ് ഭവനില്‍ അനിലിന്റെയും ബീനയുടെയും മകനായ അജേഷിനെ(26) ആണ് കാണാതായത്. പുളിങ്കുടി എ.ആര്‍ ക്യാമ്പിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിന് താഴെയുളള കടല്‍ത്തീരത്തെ ആവണങ്ങപാറയില്‍ നിന്നാണ് യുവാവ് വീണത്. കുടുംബത്തോടൊപ്പം വിനോദ യാത്രയ്‌ക്കെത്തിയതായിരുന്നു യുവാവ്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. കാണാതായ അജേഷും ഭാര്യ പ്രീതയും രണ്ട് മക്കളും, സുഹൃത്തും പൂവാര്‍ കരിച്ചല്‍ സ്വദേശിയുമായ രാജേഷും രണ്ട് മക്കളുമായാണ് പുളിങ്കുടി കടല്‍ത്തീരത്തെ ആവണങ്ങ പാറയിലെത്തിയത്. ഇവിടെ നിന്ന് വിഴിഞ്ഞം തുറമുഖം വ്യക്തമായി കാണാനാകും.
തുടര്‍ന്ന് മറ്റുള്ളവരോട് കരഭാഗം ചേര്‍ന്നുളള പാറപ്പുറത്ത് നിന്ന് തുറമുഖം കാണാന്‍ പറഞ്ഞശേഷം അജേഷ് ആവണങ്ങ പാറയിലെ കടലിലേക്കുളള മറ്റൊരു പാറയിലേക്ക് കയറി. ഈ സമയത്ത് പെട്ടെന്ന് എത്തിയ തിരയടിച്ച് അജേഷ് കടലിലേക്ക് വീണു. രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു. തുടര്‍ന്ന് വിഴിഞ്ഞം പോലീസും കോസ്റ്റല്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പോലീസിന്റെ ബോട്ടും സംഭവ സ്ഥലതെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു.