കൊച്ചി : കഴിഞ്ഞദിവസം സംസ്ഥാന അതിർത്തിയിൽ നിന്ന് വാളയാർ പോലീസ് പിടികൂടിയ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. എറണാകുളത്തിന് പുറത്ത് കുഴൽപ്പണം കടത്ത്, കള്ളപ്പണം കവർച്ച എന്നീ ഇടപാടുകളിൽ പേരെടുത്ത ഗുണ്ടാനേതാവ് മരട് അനീഷ് സ്വന്തം നാട്ടിൽ നടത്തുന്നത് ഭൂമി നികത്തലും സെറ്റിൽമെന്റുകളും.
ഇതിനാൽത്തന്നെ പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമാണ് അനീഷിനുള്ളത്. ഈ ബന്ധം വഴി ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമി നികത്താനുള്ള ക്വട്ടേഷൻ അനീഷിൽ വന്നുചേർന്നിരിക്കുന്നതായാണ് ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. പനങ്ങാട് ചാത്തമ്മ ജങ്ഷനിലാണ് പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ചിലരുടെ നേതൃത്വത്തിൽ വയൽ നികത്തുന്നത്. 60 സെന്റോളം ഭൂമി മുക്കാൽ ഭാഗത്തോളം നികത്തിക്കഴിഞ്ഞു.
ഗുണ്ടാ നേതാവാണ് ഭൂമി നികത്തുന്നതിന് ക്വട്ടേഷൻ എടുത്തിരിക്കുന്നതെന്ന വിവരം പുറത്തുവന്നതോടെ എതിർക്കാനാവാതെ നിൽക്കുകയാണ് നാട്ടുകാർ. റെവന്യൂ അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുത്ത് അവരുടെ പണി തീർത്തുവെപ്പിച്ചു. നടപടിയെടുക്കേണ്ട പോലീസാകട്ടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഷെയറുള്ള ബിനാമി ഭൂമിയാണ് എന്നറിഞ്ഞതോടെ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ്.
പനങ്ങാട് പോലീസിന് കീഴിലാണ് പ്രദേശം. എന്നാൽ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട ഭൂമിയായതിനാലും നികത്തൽ തടഞ്ഞ പൂർവികർക്ക് നേരത്തെ പണി ലഭിച്ചതിനാലും തന്നെ സ്വന്തം കുഴി തോണ്ടേണ്ടതില്ലെന്നാണ് പോലീസുദ്യോഗസ്ഥരുടെ മനോഭാവം. മുൻപ് കുമ്പളത്ത് നിലംനികത്തൽ തടഞ്ഞ എസ്.ഐ ഉൾപ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥർക്ക് മലബാറിലേക്ക് സ്ഥലം മാറ്റമായിരുന്നു പ്രതിഫലമായി കിട്ടിയത്.
ഭൂമി നികത്തൽ തടഞ്ഞ പോലീസുകാരോട് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിട്ടാണ് ഭൂമി നികത്തുന്നതെന്ന് അറിയിച്ചു. എന്നാൽ ആരു പറഞ്ഞിട്ടാണെങ്കിലും തടയുമെന്ന് പോലീസുകാർ ഉറച്ച നിലപാടിൽ നിന്നു. ഈ സംഭാഷണം റെക്കോഡ് ചെയ്ത് പോലീസ് ഉന്നതന്റെ കാതുകളിൽ എത്തിച്ചതോടെ ഉടൻ സ്ഥലംമാറ്റ ഓർഡർ വന്നു. ഇതിനു പിന്നാലെ പനങ്ങാട്, കുമ്പളം ഭാഗത്ത് ഗുണ്ടകളുടെ സാന്നിധ്യം ഉപയോഗിച്ച് വൻതോതിൽ ഭൂമി നികത്താനും തുടങ്ങി.
എറണാകുളം പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ഒരു ഓഫീസിലാണ് അനീഷിന്റെ ഡീലുകൾ ഉറപ്പിക്കുന്നതെന്ന് പോലീസുകാർതന്നെ പറയുന്നു. തിരുവാണിയൂർ ഭാഗത്ത് അനീഷ് താമസിക്കുന്നതായും വിവരമുണ്ട്. രഹസ്യവിവരം ലഭിക്കുന്നുണ്ടെങ്കിലും നിരവധി കേസുകളിലെ പ്രതിയാണെങ്കിലും ഗുണ്ടാനേതാവിനെതിരേ ചെറുവിരലനക്കാൻ കൊച്ചി പോലീസിന് കഴിഞ്ഞിരുന്നില്ല. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന അനീഷിനെ വാളയാർ അതിർത്തിയിൽനിന്ന് വാളയാർ പോലീസ് പിടിക്കുകയായിരുന്നു.
വാളയാർ വഴി കുഴൽപ്പണവും മയക്കുമരുന്നും കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് അനീഷ് കുടുങ്ങിയത് മരട് അനീഷിന്റെ ഗ്യാങ് ഒരു ബ്രാൻഡ് എന്ന നിലയിൽ കൊച്ചിയിൽ രൂപപ്പെടുന്നുണ്ടെന്ന് പോലീസിലെ ഒരുവിഭാഗം തന്നെ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക തലത്തിൽ ഇത് കണ്ടിട്ടില്ലെന്ന മട്ടിൽ നിൽക്കുകയാണ്.
ആനക്കാട്ടിൽ അനീഷ് ആന്റണിയെന്ന അനീഷിന്റെ പേരിന്റെ ചുരുക്ക രൂപമായ എ.എ.എ എന്ന ബ്രാൻഡിലാണ് പ്രവർത്തനം. മാസ്ക്, തൊപ്പി, ടി-ഷർട്ട് എന്നിവയിലെല്ലാം ഈ ബ്രാൻഡ് പ്രിന്റ് ചെയ്തത് ഗ്യാങ്ങിലുള്ളവർ ഉപയോഗിക്കും. നെട്ടൂർ, കാക്കനാട് ഇൻഫോപാർക്ക് എന്നിവിടങ്ങളിലായി റെസ്റ്റോറന്റുകളും ഉണ്ട്. ഗ്യാങ്ങിലുള്ളവർക്ക് സൗജന്യ ഭക്ഷണം ഇവിടെനിന്ന് ലഭിക്കും. ഹോട്ടൽ ചുറ്റിപ്പറ്റി ഗ്യാങ്ങിലുള്ളവർ എല്ലായ്പ്പോഴും ക്യാമ്പ് ചെയ്യും.