ദില്ലി: ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡിഎഐ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 14 വരെയാണ് നീട്ടിയത്. ആധാര്‍ അപ്‌ഡേഷനായി അക്ഷയ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഡിസംബര്‍ 14 വരെ ആധാര്‍ അപ്‌ഡേഷന്‍ നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. കൂടുതല്‍ ആളുകള്‍ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എത്തിയതിനെത്തുടര്‍ന്നാണ് മൂന്നു മാസത്തേക്കുകൂടി കാലാവധി നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 14ന് സൗകര്യം അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ ആദ്യ ആഴ്ച കഴിഞ്ഞതോടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
10 വര്‍ഷം മുന്‍പ് എടുത്ത എല്ലാ ആധാറുകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെടുന്നു. മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയാണ് ആധാര്‍ ഓണ്‍ലൈനായി പുതുക്കേണ്ടത്. പേര്, വിലാസം തുടങ്ങിയവയില്‍ മാറ്റമുണ്ടെങ്കില്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഇപ്പോള്‍, ഡിസംബര്‍ 14 വരെ, ഈ അപ്ഡേറ്റുകളെല്ലാം യുഐഡിഎഐ വെബ്സൈറ്റില്‍ സൗജന്യമായി ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ പോലുള്ള ഒരു കോമണ്‍ സര്‍വീസസ് സെന്റര്‍ (സിഎസ്സി) സന്ദര്‍ശിക്കാനും കഴിയും.