ഇടുക്കി: പെരിഞ്ചാംകുട്ടിയില്‍ വീണ്ടും കുടില്‍കെട്ടി സമരം നടത്തിയ ആദിവാസി കുടുംബങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് നീക്കി. മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്‍റേഷനിലാണ് പുലര്‍ച്ചെയോടെ എത്തിയ ഒമ്പത് ആദിവാസി കുടുംബങ്ങള്‍ കുടില്‍കെട്ടി പ്രതിഷേധം ആരംഭിച്ചത്. ആദിവാസി ഭൂമി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മൂന്നാര്‍ ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
2012ല്‍ വനഭൂമിയെന്ന് പറഞ്ഞ് കുടിയൊഴിപ്പിക്കപ്പെട്ട 210 കുടുംബങ്ങളില്‍പ്പെട്ടവരാണിവര്‍. അന്ന് ആറ് കൊല്ലം കളക്റ്റ്രേറ്റിന് മുന്നില്‍ സമരം കിടന്നപ്പോള്‍ പകരം ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞതാണ്. പക്ഷേ ഇതുവരെയും ഭൂമി കിട്ടിയില്ല. ഇനി പിന്നോട്ടില്ലെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.