ന്യൂഡൽഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും ബിജെപിക്കും വിജയം. വിസാവദാർ സീറ്റിൽ എഎപിയുടെ ഗോപാൽ ഇറ്റാലിയ വിജയിച്ചു. ബിജെപിയുടെ കിരിത് പട്ടേലിനെ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിന്റെ നിതിൻ റാൻപാരിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി എംഎൽഎ ഭൂപേന്ദ്ര ഭയാനി കഴിഞ്ഞവർഷം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് വിസാവദാറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2007 ന് ശേഷം ഇതുവരെ വിസാവദാറിൽ ബിജെപിക്ക് വിജയിക്കാനായിട്ടില്ല. 2025 ൽ നടന്ന പട്ടീദാർ സമരത്തിലൂടെയാണ് ഗോപാൽ ഇറ്റാലിയ സംസ്ഥാനത്ത് ശ്രദ്ധേയനാകുന്നത്.
ഗുജറാത്തിലെ കാഡി മണ്ഡലത്തിൽ ബിജെപിയുടെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. പട്ടികജാതി സംവരണ മണ്ഡലത്തിൽ കോൺഗ്രസിന്റെ രമേശ് ചാവ്ഡയെ 39,452 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാണ് മൂന്നാം സ്ഥാനത്ത്. പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റിൽ ആം ആദ്മി പാർട്ടി വിജയിച്ചു. എഎപിയുടെ സഞ്ജീവ് അറോറ 10,637 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ ഭാരത് ഭൂഷൺ അഷുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ജിവാൻ ഗുപ്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ ആലിഫ അഹമ്മദ് അരലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ ആശിഷ് ഘോഷിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎം പിന്തുണയോടെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി കബീൽ ഉദ്ദിൻ ഷെയ്ഖ് മൂന്നാം സ്ഥാനത്താണ്. എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നസിറുദ്ദീന്റെ മകളാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ആലിഫ അഹമ്മദ്. കാളിഗഞ്ച് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 69.85 ശതമാനം പേരാണ് വോട്ടു ചെയ്തത്.