കൊച്ചി: അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് ശിക്ഷവിധിച്ചതെന്നും അപ്പീലില്‍ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെടുക.
മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കുക. ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കോടതി വിധിയെന്ന് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും അപ്പീലില്‍ ആരോപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം.
അടയ്ക്കാ രാജുവിന്റെ മൊഴിയിലെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടേക്കും. 28വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം.