ഉത്തര്‍പ്രദേശ് :കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി അറസ്റ്റില്‍. ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുപി മൗവിലെ എംഎല്‍എയായ അബ്ബാസ് അന്‍സാരിയെ ഇഡി അറസ്റ്റ് ചെയ്തത്. രാഷ്ട്രീയത്തിലേക്കെത്തിയ ഗുണ്ടാനേതാവ് മുഖ്താര്‍ അന്‍സാരിയുടെ മകനാണ് അബ്ബാസ്. കഴിഞ്ഞ മാസം മുഖ്താര്‍ അന്‍സാരിയുടെ 1.48 കോടി രൂപ ഇഡി കണ്ടുകെട്ടിയിരുന്നു.
അബ്ബാസ് അന്‍സാരിയെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ഓഫീസില്‍ വെച്ചാണ് ഇഡി ചോദ്യം ചെയ്തത്. ഇതേ കേസില്‍ മുഖ്താര്‍ അന്‍സാരിക്കും കുടുംബത്തിനുമെതിരെ ഇഡിയുടെ അന്വേഷണം നടക്കുകയാണ്. അഞ്ച് തവണ എംഎല്‍എയായിരുന്ന 59കാരനായ മുഖ്താര്‍ അന്‍സാരി ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ബന്ദയില്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ കേസില്‍ അന്‍സാരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അബ്ബാസ് അന്‍സാരിയുടെ ജ്യേഷ്ഠനും ബിഎസ്പി എംപിയുമായ അഫ്‌സല്‍ അന്‍സാരിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലും ഗാസിപൂര്‍, മുഹമ്മദാബാദ് (ഗാസിപൂര്‍ ജില്ലയില്‍), മൗ, ലഖ്നൗ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് മുഖ്താര്‍ അന്‍സാരിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന വികാസ് കണ്‍സ്ട്രക്ഷന്‍സ് (പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം) എന്ന കമ്പനിക്കെതിരെയും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ അബ്ബാസ് അന്‍സാരിക്കെതിരെ ആയുധ ലൈസന്‍സ് സംബന്ധിച്ച ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒക്ടോബറില്‍ സുപ്രീം കോടതി അബ്ബാസ് അന്‍സാരിക്ക് കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു. ലഖ്നൗ പോലീസിനെ അറിയിക്കാതെ ഉത്തര്‍പ്രദേശില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ആയുധ ലൈസന്‍സ് മാറ്റിയെന്നാണ് അബ്ബാസിന്റെ ആരോപണം. ഒരു ലൈസന്‍സ് മാത്രം കൈവശം വെച്ച് നിരവധി ആയുധങ്ങള്‍ കൈക്കലാക്കിയെന്നും ആക്ഷേപമുണ്ട്.