മലപ്പുറം : മുസ്ലിംലീഗിന്റെ കോട്ട പൊളിച്ച കരുത്തന്‍ അബ്ദുറഹ്മാന്‍ മന്ത്രിസഭയിലേക്ക്. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരില്‍ നിന്ന് 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണ വി അബ്ദുറഹ്മാന്‍ നിയമസഭയിലെത്തിയത്. തിരൂര്‍ പൂക്കയില്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ കെ.എസ്.യു വിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കെ.എസ്.യു താലൂക്ക് സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരൂര്‍ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഐഎന്‍ടിയുസി യൂത്ത് വിംങ് സംസ്ഥാന സെക്രട്ടറിയുമായി. കെപിസിസി അംഗം, തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിനെ വിറപ്പിച്ച പ്രകടനം. 2016ല്‍ ലീഗിലെ സിറ്റിങ് എഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തറപറ്റിച്ച് സിപിഎം സ്വതന്ത്രനായി താനൂരില്‍നിന്നും നിയമസഭയിലേക്ക്.
സന്നദ്ധ, ജീവകാരുണ്യ രംഗത്തും സജീവം. താനൂരില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ ഉമൈത്താനകത്ത് കുഞ്ഞിഖാദര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരിയും ആക്‌ട് തിരൂരിന്റെ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെയും നേതിയില്‍ ഖദീജയുടെയും മകനാണ്. ഭാര്യ: സജിത. മക്കള്‍: റിസ്വാന ഷെറിന്‍, അമന്‍ സംഗീത്, നഹല നവല്‍.