മലപ്പുറം : പ്രവാസിയെ മര്‍ദിച്ച് കൊന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കരുവാരക്കുണ്ട് സ്വദേശി നബീല്‍, പാണ്ടിക്കാട് സ്വദേശി മരക്കാര്‍, അങ്ങാടിപ്പുറം സ്വദേശി അജ്മല്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. മുഖ്യപ്രതി മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹ്‌യ ഒളിവില്‍ തന്നെയാണ്. അഗളി വാക്കിത്തോടിയില്‍ അബ്ദുല്‍ ജലീല്‍ (42) ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
അലിമോന്‍, അല്‍ത്വാഫ്, റഫീഖ്, അനസ്ബാബു, മണികണ്ഠന്‍ എന്നിവരെയാണ് നേരത്തേ പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി യഹ്യയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ക്ക് ഒളിച്ച് താമസിക്കാന്‍ സൗകര്യം ഒരുക്കിയവരും വാഹനം നല്‍കിയവരുമടക്കം കൂടുതല്‍പേര്‍ പ്രതികളാകുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞിരുന്നു. ശരീരമാസകലം കത്തിയും ബ്ലേഡും ഉപയോഗിച്ച് വെട്ടിയും മുറിച്ചും ക്രൂരമായ പീഡനം ഏറ്റനിലയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. സ്വര്‍ണക്കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഒളിവിലുള്ള പ്രതി യഹിയക്ക് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുണ്ട്. പിടിയിലായ അല്‍ത്വാഫ്, അലിമോന്‍, റഫീഖ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
സൗദിയിലെ ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവന്ന ജലീല്‍ ഈ മാസം 15ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണ എത്തുമെന്ന് വിളിച്ചുപറഞ്ഞിരുന്നു. പെരിന്തല്‍മണ്ണക്ക് പുറപ്പെട്ട വീട്ടുകാരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ജലീലിനെ കാണാതായതോടെ വീട്ടുകാര്‍ അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ ജലീല്‍ വീട്ടിലേക്ക് വിളിക്കുകയും അടുത്ത ദിവസം വീട്ടിലെത്തുമെന്നും പരാതി പിന്‍വലിക്കണമെന്നും പറഞ്ഞിരുന്നു. കീഴാറ്റൂര്‍ ആക്കപ്പറമ്പിനടുത്ത് വഴിയരികില്‍ അവശനിലയില്‍ കണ്ടുവെന്ന് അവകാശപ്പെട്ട് ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം ഒരു ഫോണ്‍ നമ്പറും നല്‍കി മുങ്ങുകയായിരുന്നു.