കായംകുളം: ക്ഷേത്രവളപ്പില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. വള്ളികുന്നം കണ്ണമ്പിള്ളി പടീറ്റതില്‍ അരുണ്‍ അച്ചുതനാണ് പിടിയിലായത്. പലതവണ പോലീസിനെ വെട്ടിച്ച് കടന്ന ഇയാളെ തന്ത്രപരമായാണ് കഴിഞ്ഞ ദിവസം വലയിലാക്കിയത്. പോലീസ് സ്റ്റേഷന്‍ നിലകൊള്ളുന്ന ചൂനാട് ജങ്ഷനില്‍ മൂന്ന് ദിവസം മുമ്പ് സൈക്കിളില്‍ കറങ്ങിയ ഇയാള്‍ തന്ത്രപരമായി രക്ഷപെട്ടിരുന്നു.
തിങ്കളാഴ്ച രാത്രി കട്ടച്ചിറ-മങ്ങാരം റോഡിലുണ്ടായിരുന്ന ഇയാളുടെ ടവര്‍ ലൊക്കേഷന്‍ ലക്ഷ്യമാക്കി പോലീസ് എത്തിയപ്പോഴേക്കും കടന്നുകളഞ്ഞു. എന്നാല്‍ പിന്തുടര്‍ന്ന പോലീസ് സംഘത്തില്‍ നിന്നും രക്ഷപെടാനായില്ല.
വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അഭിമന്യുവിനെ (15) കൊലപ്പെടുത്തുകയും സഹപാഠിയായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), ആദര്‍ശ് (17) എന്നിവരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അനന്തുവും ഇപ്പോള്‍ പിടിയിലായ അരുണ്‍ അച്ചുതനും തമ്മില്‍ ശത്രുതയിലുമായിരുന്നു. കഴിഞ്ഞ ഏഴിന് അനന്തുവിനെതിരെ പോലീസ് സ്റ്റേഷനില്‍ അരുണ്‍ പരാതിയും നല്‍കിയിരുന്നു.
കേസിലെ ഒന്നാം പ്രതി വള്ളികുന്നം പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (20), രണ്ടാം പ്രതി വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്പി (26), ഇലിപ്പക്കുളം ഐശ്വര്യയില്‍ ആകാശ് പോപ്പി (20), ആറാം പ്രതി വള്ളികുന്നം പള്ളിവിള ജങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. റിമാന്‍ഡിലുള്ള ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.