ജയ്പുർ: എയർ ഇന്ത്യ പൈലറ്റിന്‍റെ പിടിവാശിയിൽ വലഞ്ഞത് 350 യാത്രക്കാര്‍. ജയ്പുര്‍ വിമാനത്താവളത്തിലാണ് സംഭവം. ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഞായറാഴ്ച മോശം കാലാവസ്ഥയെത്തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കേണ്ടി വരികയായിരുന്നു. എന്നാല്‍, പിന്നീട് അനുമതി ലഭിച്ചിട്ടും പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു. പൈലറ്റ് വിമാനം പറത്തില്ലെന്ന് അറിയിച്ചതോടെ 350ഓളം യാത്രക്കാര്‍ ജയ്പുര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. മൂന്ന് മണിക്കൂറോളം യാത്രക്കാര്‍ക്ക് ജയ്പുര്‍ വിമാനത്താവളത്തിൽ തങ്ങേണ്ടി വന്നു. ദില്ലി വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് പുലര്‍ച്ചെ നാലിന് ലാൻഡ് ചെയ്യേണ്ട AI-112 വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. ഏകദേശം പത്ത് മിനിട്ടോളം ആകാശത്ത് കറങ്ങി വിമാനമിറക്കാൻ സാധിക്കുമോയെന്ന് നോക്കിയ ശേഷമാണ് ജയ്പൂരിലേക്ക് തിരിച്ച് വിട്ടത്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ലണ്ടനില്‍ നിന്നുള്ള വിമാനത്തിന് ഡൽഹി എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് യാത്ര പുനരാരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.
ഒപ്പം ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ട മറ്റ് വിമാനങ്ങള്‍ക്കും അനുമതി ലഭിച്ചു. എന്നാല്‍, എയർ ഇന്ത്യ പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു. ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിമിതിയും ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടിയാണ് ഇനി വിമാനം പറത്താൻ കഴിയില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്. ജയ്പുര്‍ വിമാനത്താവളത്തിൽ കുടുങ്ങിയ 350 ഓളം യാത്രക്കാരോട് ബദൽ ക്രമീകരണങ്ങൾ തേടാൻ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം നിരവധി പേര്‍ ജയ്പുര്‍ വിമാനത്താവളത്തിൽ നിന്ന് റോഡ് മാര്‍ഗം ദില്ലിയിലേക്ക് തിരിച്ചു. പകരം ജീവനക്കാരെ ഏർപ്പാടാക്കിയ ശേഷം മറ്റുള്ളവർക്ക് അതേ വിമാനത്തിൽ തന്നെ പിന്നീട് ദില്ലിയിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കി.