വെള്ളം ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്. ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഇല്ലാതെ ഒരു നിമിഷം പോലും നമുക്ക് മുന്നോട്ട് പോവാൻ സാധിക്കുകയില്ല. പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തിൽ പലരും അൽപം പുറകോട്ടായിരിക്കും. എന്നാൽ വെള്ളം എന്നത് മനുഷ്യന്റെ നിലനിൽപ്പിന് തന്നെ വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ് എന്നതാണ് സത്യം. ഭക്ഷണവും വെള്ളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് നോക്കാം. ചിലർ വെള്ളം ഭക്ഷണത്തോടൊപ്പം തന്നെ കുടിക്കുന്നു. എന്നാൽ ചിലർ അതിന് മുൻപ് കുടിക്കുന്നു. ചിലരാകട്ടെ ഭക്ഷണത്തിന് ശേഷം കുടിക്കുന്നു.
ശരിക്കും ഭക്ഷണത്തിന് മുൻപാണോ ശേഷമാണോ ഇടക്കാണോ വെള്ളം കുടിക്കേണ്ടത്. ഇതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല എന്ന് തന്നെ പറയാവുന്നതാണ്. കാരണം ഓരോ സമയത്തേയും വെള്ളം കുടി ഓരോ തരത്തിലാണ് നമ്മളെ ബാധിക്കുന്നത് എന്നതാണ് സത്യം. പലപ്പോഴും ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് തിരിച്ചറിയേണ്ടത്. ഭക്ഷണവുമായി ബന്ധപ്പെട്ട് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
ഭക്ഷണത്തിന് മുൻപ്
പലരും ഭക്ഷണത്തിന് മുൻപ് വെള്ളം കുടിക്കുന്നവരുണ്ട്. ഇത്തരം ശീലം പലരിലും നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു ശീലം നമ്മുടെ ദഹനത്തെ ബാധിക്കും. ദഹനം നടക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഒരു ഖര-ദ്രാവക അനുപാദത്തെ ഭക്ഷണത്തിന് മുൻപുള്ള വെള്ളം കുടി പ്രശ്നത്തിലാക്കുന്നു. ഇത് പലപ്പോഴും നിങ്ങളിൽ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു. ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ വരുകയും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ ശരിയായ രീതിയിൽ ശരീരത്തിന് സ്വാംശീകരിച്ചെടുക്കാൻ സാധിക്കാതേയും വരുന്നു. ഇതെല്ലാം ഭക്ഷണത്തിന് തൊട്ടു മുൻപ് വെള്ളം കുടിക്കുന്നതിന്റെ ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ ദാഹം സഹിക്കാൻ പറ്റില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മൂൻപെങ്കിലും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കുമ്പോൾ വെള്ളം
ചിലർ ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ തന്നെ വെള്ളം കുടിക്കുന്ന ശീലമുള്ളവരാണ്. എന്നാൽ ഇത്തരം ശീലം അത്ര നല്ലതല്ല എന്നതാണ് ആരോഗ്യ രംഗത്തെ പലവിദഗ്ധൻമാരും പറയുന്നത്. പലപ്പോഴും ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ശരിയായ രീതിയിൽ ഭക്ഷണം ദഹിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് വയർ വീർക്കുന്നതിനും ഭക്ഷണത്തിലുള്ള പ്രോട്ടീനും പോഷകങ്ങളും വലിച്ചെടുക്കുന്നതിൽ പരാജയപ്പെടുന്നതിനും സാധ്യത വർദ്ധിപ്പിക്കുന്നു.
ഭക്ഷണത്തിന് ശേഷം
പലരും ഭക്ഷണം കഴിച്ച ഉടൻ തന്നെ ഗ്ലാസ്സിലുള്ള വെള്ളം കുടിച്ച് തീർക്കാൻ തത്രപ്പാട് കാണിക്കുന്നു. ഇത് അത്ര നല്ല ആരോഗ്യ ശീലങ്ങളിൽ ഒന്നല്ല എന്ന കാര്യം ആദ്യം ഓർക്കേണ്ടതാണ്. പലപ്പോഴും ദഹനത്തിന് വെല്ലുവിളി ഉയർത്തുന്ന പല അവസ്ഥകളും ഇതിന്റെ ഭാഗമായി ഉണ്ടാവാം. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ വർദ്ധിക്കുന്നതിന് ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം.
ഭക്ഷണം കഴിച്ചതിന് ശേഷം ഉടൻ തന്നെ വെള്ളം കുടിക്കുന്ന ശീലം ഒരിക്കലും ആരോഗ്യകരമായി കണക്കാക്കുന്നില്ല. എന്നാൽ വെള്ളം കുടിക്കണം എന്ന് നിർബന്ധമുള്ളവരാണെങ്കിൽ ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ സിപ്പ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കാം. സാധാരണ ആരോഗ്യകരമായ രീതി എന്ന് പറയുന്നത് എപ്പോഴും ഭക്ഷണം കഴിഞ്ഞ് ചുരുങ്ങിയത് 45 മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷം വെള്ളം കുടിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും ദഹനം കൃത്യമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇക്കാര്യങ്ങൾ ഇനി ഭക്ഷണം കഴിക്കുമ്പോൾ ഓർമ്മയിൽ വെക്കാം.
ചെയ്യരുതാത്ത കാര്യങ്ങൾ
ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകിച്ച് ചൂട് കാലത്ത് നല്ല ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നവരുണ്ട്. എന്നാൽ അതൊരിക്കലും അത്ര നല്ല ശീലമായി കണക്കാക്കേണ്ടതില്ല. ഇത് പലപ്പോഴും ശരരീത്തിൽ ഭക്ഷണം ദഹിക്കാതെ കൊഴുപ്പായി മാറി കൊളസ്ട്രോളിലേക്ക് വരെ എത്തിക്കാം. ഇത് കൂടാതെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നതിനും ഇത്തരം ശീലങ്ങൾ കാരണമാകുന്നു. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധ ഏത് കാര്യത്തിനും ആവശ്യമാണ്. അതിപ്പോൾ വെള്ളം കുടിക്കുന്ന കാര്യമാണെങ്കിലും ശ്രദ്ധിക്കണം.