ആലപ്പുഴ: വയറിളക്കവും ഛര്‍ദിയും ബാധിച്ച് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും നൂറിലധികം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ നഗരസഭ പ്രദേശങ്ങളില്‍നിന്നാണ് കൂടുതല്‍ കുട്ടികള്‍ ചികിത്സക്കെത്തിയത്. ജില്ല ജനറല്‍ ആശുപത്രി, കടപ്പുറം വനിത-ശിശു ആശുപത്രി എന്നിവിടങ്ങളിലാണ് കുട്ടികള്‍ ചികിത്സ തേടിയത്. വനിത-ശിശു ആശുപത്രിയില്‍ തിങ്കളാഴ്ച മാത്രം 30 കുട്ടികള്‍ സമാന രോഗലക്ഷണവുമായി ചികിത്സക്കെത്തി.
ആലപ്പുഴ നഗരത്തിലെ സക്കരിയ ബസാര്‍, കാഞ്ഞിരംചിറ, വട്ടപ്പള്ളി, ലജ്നത്ത്, സീവ്യൂ, കറുകയില്‍, തുമ്പോളി അടക്കമുള്ള പ്രദേശങ്ങളിലും ആര്യാട് പഞ്ചായത്തിലുമാണ് രോഗവ്യാപനം കണ്ടെത്തിയത്. ചികിത്സ തേടിയവരില്‍ ഏറെപ്പേരും ചിക്കന്‍ കഴിച്ചതായിട്ടാണ് ഡോക്ടര്‍മാരോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇതാണ് കാരണമെന്ന് കണ്ടെത്താനായിട്ടില്ല. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ കഴിഞ്ഞദിവസം തകഴിയില്‍ പൊട്ടിയിരുന്നു.
പുതിയ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലവിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ കുടിവെള്ളവുമായി ബന്ധപ്പെട്ടാണ് രോഗവ്യാപനമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. രോഗവ്യാപനം കണ്ടെത്തിയ സ്ഥലങ്ങളിലെ കുടിവെള്ളം അടക്കമുള്ളവയുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.
കുട്ടികള്‍ കഴിച്ച ചിക്കന്‍, മുട്ട, വെള്ളം എന്നിവയില്‍നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സംശയം. ഒരാഴ്ചയായി ദിവസേന 22 മുതല്‍ 28 വരെ രോഗികളാണ് കടപ്പുറം ആശുപത്രിയില്‍ ചികിത്സ തേടിയത്. പലയിടങ്ങളിലും ശുദ്ധജലം പരിശോധിക്കാന്‍ നഗരസഭയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴ നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി 40ലധികം പേര് ഛര്‍ദിയെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ചികിത്സ തേടിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി അറിയിച്ചു.
പലചടങ്ങുകളില്നിന്ന് ബിരിയാണി ഭക്ഷിച്ചവരാണ് രോഗബാധിതരായിട്ടുള്ളതെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ വിലയിരുത്തല്‍. ഒരാഴ്ചയായി പല വാര്‍ഡുകളിലും ജലദൗര്ലഭ്യമുള്ളതായും അറിയാന്‍ കഴിഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം, ചിക്കന്‍ സ്റ്റാളുകള്‍, പാചകശാലകള്‍ എന്നിവിടങ്ങളിലെ ശുചിത്വം ഉറപ്പാക്കാനായി ജല അതോറിറ്റിയുമായും ഭക്ഷ്യസുരക്ഷ വകുപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജാഗ്രത പാലിക്കണം -ജില്ല മെഡിക്കല്‍ ഓഫിസ്
വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസ് അറിയിച്ചു. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുമ്പോഴും ആഹാരപദാര്‍ഥങ്ങളില്‍ രോഗാണുക്കള്‍ കലരുമ്പോഴുമാണ് വയറിളക്കരോഗങ്ങള്‍ ഉണ്ടാകുന്നത്. മഴക്കാലത്ത് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. വയറിളക്കത്തിന്റെ ആരംഭം മുതല്‍ പാനീയ ചികിത്സ തുടരണം.
ഒ.ആര്.എസ് ലായനി അല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കണം. ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ആശ, അംഗന്‍വാടി പ്രവര്‍ത്തകരില്‍നിന്നും ലഭിക്കുന്ന ഒ.ആര്.എസ് മിശ്രിതം ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി ആവശ്യാനുസരണം കുടിക്കണം. ഒരിക്കല്‍ തയ്യാറാക്കുന്ന ലായനി 24 മണിക്കൂറിനുശേഷം ഉപയോഗിക്കരുത്. പാനീയ ചികിത്സയോടൊപ്പം വേഗം ദഹിക്കുന്ന ഭക്ഷണം കഴിക്കണം. ഇതോടൊപ്പം 14 ദിവസംവരെ ദിവസേന സിങ്ക് ഗുളിക ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നത് വയറിളക്കത്തിന്റെ തീവ്രത കുറക്കാനും രോഗം വേഗം മാറാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറന്നുവെച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക, ആഹാരത്തിന് മുമ്പും മലവിസര്‍ജനത്തിനുശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക, മലവിസര്‍ജനം കക്കൂസില്‍ മാത്രമാക്കുക, കുഞ്ഞുങ്ങളുടെ മലവിസര്‍ജ്യം കക്കൂസില്തന്നെ ഇടുക, വയറിളക്കമുള്ള കുട്ടികളെ വൃത്തിയാക്കിയശേഷവും അവരുടെ വസ്ത്രങ്ങള്‍ കഴുകിയശേഷവും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആര്.ഒ പ്ലാന്റിലെ ജലമാണെങ്കിലും തിളപ്പിച്ചാറിയശേഷം മാത്രമേ ഉപയോഗിക്കാവൂ.