കോന്നി : കോന്നി പൂങ്കാവ് റോഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. കോന്നി പൂങ്കാവ് റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ സ്ലാബ് സ്ഥാപിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല. കോന്നി കെ എസ് ഇ ബി ഓഫീസ്, ഇക്കോ ടൂറിസം സെന്റർ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എത്തിചേരണമെങ്കിൽ ഈ റോഡിലൂടെ മാത്രമേ സാധിക്കൂ.
കാൽനട യാത്രക്കാർ ഓടയിൽ വീണ് അപകടം സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്. സിവിൽ സ്റ്റേഷൻ കഴിഞ്ഞുള്ള വളവിലും ഓടക്ക് സ്ലാബ് ഇല്ലാത്തത് അപകടക്കെണിയാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ ആണ് ഇതുവഴി കടന്നുപോകുന്നത്. മഴകാലത്ത് അപകട സാധ്യത ഏറെ വർധിക്കുന്നതിനും ഇടയാകുമെന്നും ജനങ്ങൾ പറയുന്നു.