നിലമ്പൂർ : അബൂദബിയിലെ ഇരട്ടക്കൊലപാതക കേസിൽ അഞ്ച് പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, കൂട്ടുപ്രതികളായ നടുത്തൊടിക നിഷാദ്, കൂത്രാടൻ മുഹമ്മദ് അജ്മൽ, വണ്ടൂർ പഴയ വാണിയമ്പലം ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ് മാൻ എന്നിവരുടെ അറസ്റ്റാണ് കോഴിക്കോട് ജില്ല ജയിലിലെത്തി സി.ബി.ഐ കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
ഈസ്റ്റ് മലയമ്മ സ്വദേശിയും പ്രവാസി വ‍്യവസായിയുമായ തത്തമ്മപറമ്പിൽ കുറുപ്പംതൊടിയിൽ ഹാരിസ്, മാനേജറായിരുന്ന ചാലക്കുടിയിലെ ഡെൻസി ആന്‍റണി എന്നിവർ അബൂദബിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്താണ് നടപടി. കൊല്ലപ്പെട്ട ഹാരിസിന്‍റെ മുൻ ഭാര‍്യ കെ.സി. നസ് ലീമ, നസ് ലീമയുടെ പിതാവ് കെ.സി. റഷീദ്, റിട്ട. പൊലീസ് ഉദ‍്യോഗസ്ഥൻ വയനാട് കോളേരി സുന്ദരൻ സുകുമാരൻ, ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഷാബ ഷരീഫ് കൊലപാതക കേസിൽ ഒളിവിൽ പോയ കൈപ്പഞ്ചേരി ഫാസിൽ, കുന്നേക്കാടൻ ഷമീം എന്നിവരും പ്രതിപട്ടികയിലുണ്ട്. മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബ ഷരീഫിന്‍റെ കൊലപാതകക്കേസിലാണ് അഞ്ച് പ്രതികളും ജില്ല ജയിലിൽ കഴിയുന്നത്. കസ്റ്റഡിയിൽ ലഭിക്കാൻ സി.ബി.ഐ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി.