അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പോലീസ്. ഒരു നിമിഷത്തെ അശ്രദ്ധ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമായേക്കാം. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഈ അപകടങ്ങളുടെ കാരണം. ഗള്‍ഫ് ട്രാഫിക് വീക്കിന്‍റെ ഭാഗമായാണ് 57 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ അബുദാബി പോലീസ് പുറത്തുവിട്ടത്. ഇതില്‍ മൂന്ന് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളാണ് ഉള്ളത്. ആദ്യത്തെ അപകടത്തില്‍ മൂന്നാമത്തെ ലെയിനിലൂടെ പോകുകയായിരുന്ന വെള്ള കാറില്‍ അമിതവേഗത്തിലെത്തിയ സെഡാന്‍ കാര്‍ ഇടിക്കുകയായിരുന്നു.
കാറിലിടിച്ച ശേഷം സെഡാന്‍ റോഡിന്‍റെ ഇടത് ഭാഗത്തെ സുരക്ഷാ ബാരിയറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ടാമത്തെ സംഭവത്തില്‍ തിരക്കേറിയ ട്രാഫികില്‍ വേഗം കുറച്ച് നിര നിരയായി കാറുകള്‍ പോകുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഒരു കാര്‍ മറ്റൊരു കാറിലും തുടര്‍ന്ന് നിരവധി വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. മൂന്നാമത്തെ അപകടത്തില്‍ അശ്രദ്ധമായി പാഞ്ഞെത്തിയ വാഹനം റോഡിന്‍റെ നടുവിലെ ബാരിയറിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് ഈ മൂന്ന് അപകടങ്ങള്‍ക്കും കാരണമായത്.