കൊല്ലം: അഞ്ചാലുംമൂടില്‍ അയല്‍വാസിയായ 85 കാരിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. പ്രാക്കുളം പള്ളാപ്പില്‍ മേലേലക്ഷം വീട് കോളനിയില്‍ ജോര്‍ജ് (50) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. മകനും മരുമകള്‍ക്കുമൊപ്പം താമസിച്ചുവന്ന 85കാരിയായ വയോധികയെ ഇവര്‍ ജോലിക്കുപോകുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുമാസമായി ഇത്തരത്തില്‍ പലതവണ പീഡിപ്പിച്ചിരുന്നു. പ്രതി വയോധികയുടെ വീട്ടില്‍നിന്ന് പലപ്പോഴും ഇറങ്ങിവരുന്നത് കണ്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന്, വയോധികയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പട്ടികജാതി പീഡനം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ ഹക്കിം, റഹിം, എ.എസ്.ഐ.മാരായ പ്രദീപ്, രാജേഷ്, എസ്.സി.പി.ഒ. ബന്‍സി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.